Thiruvananthapuram

പിന്നെ എന്തിനാണ് വകുപ്പും മന്ത്രിയും? കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമെന്ന് പ്രതിപക്ഷ നേതാവ്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമാണെന്നും ഇതിന് പിന്നിൽ അതീവ ഗൗരവമായ കാര്യങ്ങളുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വൈദ്യുതി ബോർഡും വകുപ്പ് മന്ത്രിയും സ്വീകരിച്ച നിലപാടിന് വിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

കരാർ ഒപ്പിടാൻ തീരുമാനിച്ചത് താനാണെന്ന് മുഖ്യമന്ത്രി പറയുന്നതിൽ ദുരൂഹതയുണ്ട്. എങ്കിൽ പിന്നെ എന്തിനാണ് വകുപ്പും മന്ത്രിയും ബോർഡും എന്ന് അദ്ദേഹം ചോദിച്ചു. അഴിമതി ആരോപണങ്ങൾക്ക് മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടിയില്ല. വൈദ്യുതി ഉത്പാദിപ്പിക്കുന്ന കമ്പനിയല്ല ജിഎൻഎ (GNA) എന്നും, അത് ഡിജിറ്റൽ ഒടിസി മാത്രമാണെന്നും പിണറായി ചൂണ്ടിക്കാണിച്ചു.

ജിഎൻഎ ആരുടെ വൈദ്യുതിയാണ് നൽകുന്നത്, ഏത് കമ്പനിയുടേതാണ് എന്ന ചോദ്യങ്ങൾക്കൊക്കെ ഉത്തരമില്ലാതെ വന്നിരിക്കുകയാണ്. കെ.എസ്.ഇ.ബി നടത്തിയ വിശദമായ പഠനം സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് വ്യക്തമാക്കിയത്. എന്നാൽ ബോർഡിന്റെ ഈ നിലപാടിനെ സർക്കാർ തള്ളിക്കളയുകയാണ് ചെയ്തത്.

തങ്ങൾക്ക് എതിർപ്പില്ലെന്ന് സർക്കാരും മന്ത്രിയും അവകാശപ്പെടുമ്പോഴും, കരാറിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച രാജമാണിക്യം ഐ.എ.എസിനെ പോലുള്ള ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് മാറ്റുകയാണ് ചെയ്തത്. ഔദ്യോഗികമായി കത്ത് നൽകിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും, കെ.എസ്.ഇ.ബിയുടെ കത്ത് ഇപ്പോൾ പൊതുമണ്ഡലത്തിൽ ലഭ്യമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഹിമാചൽ വൈദ്യുതിക്ക് അനുകൂലമായി മന്ത്രി സണ്ണി ജോസഫ് ഫയലിൽ കുറിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ ആരോപിച്ചു.

ഉൽപാദനശേഷിയും വെള്ളവും നമ്മുടെ നാട്ടിലുണ്ട്. വിപണിയിൽ വൈദ്യുതിയും ലഭ്യമാണ്. ആഭ്യന്തര ഉൽപാദനം എന്തിനാണ് കുറയ്ക്കുന്നത്. പിന്നെ എങ്ങനെയാണ് പ്രതിസന്ധി ഉണ്ടാകുന്നത്. ഇതൊരു വിപണി ആണ്. ജിഎൻഎ നിരക്ക് ഒരു യൂണിറ്റിന് 8.60/ 8.90 രൂപയാണ്. വിപണിയിൽ ഉള്ള വിലയേക്കാൾ ഒരു യൂണിറ്റിന് മൂന്നു രൂപ അധികമാണ്. സംസ്ഥാനത്തിന് വരുന്ന അധിക ബാധ്യത 635 കോടി രൂപയാണ്. യഥാർത്ഥ കണക്ക് വന്നാൽ നഷ്ടം ഇനിയും കൂടും.

അഞ്ചു രൂപയ്ക്ക് വൈദ്യുതി ലഭിക്കും എന്ന സാഹചര്യം ഉള്ളപ്പോൾ 8.60 രൂപയിൽ അധികം നൽകുന്നത് ആരുടെ താല്പര്യമാണ്. ഒക്ടോബറിൽ ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയത് പരിഷ്കരിച്ച ഓഫർ പ്രകാരമാണെന്നും 12.50 പൈസയ്ക്ക് വൈദ്യുതി ലഭിച്ചുവെന്നും പിണറായി കൂട്ടിച്ചേർത്തു.

Related Articles

Back to top button