കോഴിക്കോട്ട് സാമുദായിക സമാധാനം ഉറപ്പാക്കാൻ കളക്ടറുടെ ഉത്തരവ്: പഞ്ചായത്തുകളിൽ സൗഹാർദ സമിതികൾ വരുന്നു

കോഴിക്കോട് : ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്തുന്നതിനും സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനുമായി സാമുദായിക സൗഹാര്‍ദ സമിതികള്‍ രൂപീകരിക്കാന്‍ ജില്ലാ കളക്ടര്‍ എം. എസ്. മാധവിക്കുട്ടി ഉത്തരവിറക്കി. ജില്ലാതല മതസൗഹാര്‍ദ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സമിതികള്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് തലത്തില്‍ രൂപീകരിക്കുന്ന സമിതിയുടെ ചെയര്‍മാനായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറും കണ്‍വീനറായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും മിനിറ്റ്‌സ് രേഖപ്പെടുത്തുന്നതിനായി വില്ലേജ് ഓഫീസറും ചുമതലവഹിക്കും. പ്രാദേശിക രാഷ്ട്രീയ, സാമുദായിക, സാമൂഹിക നേതാക്കള്‍, ജനപ്രതിനിധികള്‍, ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സമിതി വിപുലീകരിക്കും.
ഒന്നിലധികം പോലീസ് സ്റ്റേഷന്‍ പരിധികള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളില്‍ ബന്ധപ്പെട്ട എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും സമിതിയുടെ ഭാഗമായിരിക്കും. സമിതികള്‍ യോഗം മാസത്തില്‍ ആദ്യ ആഴ്ചയില്‍ ചേരും. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ ചെയര്‍മാന്റെ നിര്‍ദേശപ്രകാരം കണ്‍വീനര്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
യോഗങ്ങളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും കൃത്യമായി മിനിറ്റ്‌സില്‍ രേഖപ്പെടുത്തുകയും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട മേലധികാരികള്‍ക്ക് നല്‍കുകയും വേണം. പ്രാദേശിക തലത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും സാമുദായിക സംഘര്‍ഷങ്ങള്‍ക്കും ഇടയാകുന്ന സാഹചര്യങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ഉചിതമായ പരിഹാര നടപടികള്‍ സ്വീകരിക്കലും സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കലുമാണ് സമിതികളുടെ പ്രധാന ചുമതല.





