Kollam

നിയാസ് ജൗഹരിക്കെതിരെ മറ്റൊരു യുവതിയും പരാതിയുമായി രംഗത്ത്

Please complete the required fields.




ഓച്ചിറ: പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം പുതുപള്ളി കൊച്ചയ്യത്ത് പടീറ്റതിൽ മുഹമ്മദ് നിയാസിനെതിരെ (34) കൊല്ലം സ്വദേശിനിയുടെ പരാതിയും. യുവതിക്കും മുഹമ്മദ് നിയാസിൽ നിന്നു സമാന രീതിയിൽ ദുരനുഭവം ഉണ്ടായതായാണ് പരാതിയിൽ പറയുന്നത്.

പരാതി പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പതിനാറുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡിപ്പിച്ച സ്ഥലങ്ങളിൽ നിന്ന് തെളിവ് ശേഖരിച്ചിട്ടുണ്ട്. പെൺകുട്ടിയുമായുള്ള ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

മോട്ടിവേഷൻ സ്പീക്കർ, മതപ്രഭാഷകൻ എന്നീ നിലകളിൽ പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങി നല്ല വ്യക്തിയെന്ന പ്രതിച്ഛായ സൃഷ്ടിച്ചാണ് നിയാസ് ജൗഹരി അടുപ്പം സ്ഥാപിച്ചതെന്ന് കൊല്ലം സ്വദേശിയായ ഒരു യുവതി വ്യക്തമാക്കി. മാനസിക-ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് ചികിത്സയുടെ പേരിൽ സ്വകാര്യ വിവരങ്ങൾ ചോദിച്ചറിയുകയും സംഭാഷണങ്ങളിൽ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു.

വീഡിയോ കോളിൽ മുഖം നോക്കി സംസാരിക്കാൻ ഇയാൾ നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ മോശം പരാമർശങ്ങൾ നടത്തിയെന്നും യുവതി പറയുന്നു. സമാനമായ അനുഭവങ്ങൾ നേരിട്ട നിരവധി പേരുണ്ടെങ്കിലും ഭയവും മടിയും കാരണം പുറത്തുപറയാൻ തയ്യാറാകുന്നില്ലെന്നും യുവതി പറയുന്നു.

റിമാൻഡിൽ കഴിയുന്ന കായംകുളം പുതുപള്ളി കൊച്ചയ്യത്ത് പടീറ്റതിൽ മുഹമ്മദ് നിയാസ് ജൗഹരി (34) ഡയറക്ടറായ ഓച്ചിറ മേമനയിലെ അൽ ഹബീബിയ ഇസ്‌ലാമിക് അക്കാദമി എന്ന മതപാഠശാല കഴിഞ്ഞ ദിവസം അധികൃതർ പൂട്ടി സീൽ ചെയ്തിരുന്നു.നാൽപതോളം വിദ്യാർഥികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനമാണിത്. പിതൃമാതാവിന്റെ ബാധ ഒഴിപ്പിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ സ്ഥാപനത്തിലെത്തിയ തിരുവനന്തപുരം സ്വദേശിനിയായ 16കാരിയെ പീഡനത്തിനിരയാക്കിയത്.

പുതിയ പരാതികൾ ലഭിച്ചിട്ടില്ലെങ്കിലും കേസിൽ സമഗ്ര അന്വേഷണമാണ് പൊലീസ് നടത്തുന്നത്. സാമ്പത്തിക ഇടപാടുകൾ, ഭൂമി വാങ്ങൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാന രീതിയിൽ കൂടുതൽ പേർ ഇരയായിട്ടുണ്ടോയെന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.

Related Articles

Back to top button