യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! കളമശ്ശേരിയിൽ അറ്റകുറ്റപ്പണി; നാളെ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

കൊച്ചി: കളമശ്ശേരി റെയിൽവേ സ്റ്റേഷനിലെ സിഗ്നലിങ് സംവിധാനവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് നാളെ (ഒക്ടോബർ 27) ട്രെയിൻ ഗതാഗതത്തിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സിഗ്നലിങ് സംവിധാനത്തിന്റെ നവീകരണവും പരിപാലനവും തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകളിൽ ക്രമീകരണം ഏർപ്പെടുത്തുന്നത്.
അറ്റകുറ്റപ്പണികൾ കാരണം വിവിധ സർവീസുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. കളമശ്ശേരി വഴിയുള്ള ട്രെയിൻ സർവീസുകളെ ഇത് ബാധിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ സമയക്രമത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു. പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കി ട്രെയിൻ ഗതാഗതം സാധാരണ നിലയിലാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും റെയിൽവേ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
എറണാകുളം-തൃശൂർ റൂട്ടിലെ നിയന്ത്രണം
തിരുവനന്തപുരം – ഷൊർണ്ണൂർ വേണാട് എക്സ്പ്രസ്, എറണാകുളം -ബാംഗ്ലൂർ ഇന്റർസിറ്റി, തിരുവനന്തപുരം -കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം -സെക്കന്ദ്രബാദ് ശബരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, കന്യാകുമാരി -മംഗലാപുരം പരശുറാം, തിരുനെൽവേലി – ജാംനഗർ തുടങ്ങിയ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിടുമെന്നാണ് റെയിൽവേ അറിയിക്കുന്നത്. ചില ട്രെയിനുകൾ 25 മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ വൈകാനുള്ള സാധ്യതയുണ്ട്.
തൃശൂർ-എറണാകുളം റൂട്ടിലെ നിയന്ത്രണം
സെക്കന്ദരാബാദ് – തിരുവനന്തപുരം ശബരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മംഗലാപുരം – തിരുവനന്തപുരം വന്ദേഭാരത്, ഹംസഫർ, മംഗലാപുരം – കന്യാകുമാരി പരശുറാം, ഷാലിമാർ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, കന്യാകുമാരി വിവേക്, മുംബൈ – തിരുവനന്തപുരം നേത്രാവതി, ധൻബാദ് – ആലപ്പുഴ, കണ്ണൂർ – ആലപ്പുഴ, ഗോരഖ്പൂർ – തിരുവനന്തപുരം രപ്തിസാഗർ, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി തുടങ്ങിയ ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടും.
ഭാഗികമായി റദ്ദാക്കിയ ട്രെയിൻ
ബംഗ്ളൂരു -എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് നാളത്തെ ദിവസം ഭാഗികമായി റദ്ദാക്കി. ബംഗ്ളുരുവിൽനിന്നുള്ള വന്ദേഭാരത് തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. തിരിച്ച് ബംഗളൂരുവിലേക്കുള്ള സർവീസ് തൃശൂരിൽ നിന്നായിരിക്കും ആരംഭിക്കുക. ഈ ട്രെയിനിന്റെ സമയത്തിൽ മാറ്റമുണ്ടാകില്ല.




