Kottayam

വീട്ടുകാർക്ക് സർപ്രൈസ് നൽകാൻ നാട്ടിലെത്തി; രണ്ടുദിവസം പിന്നിടുംമുമ്പേ കൃപയെ മരണം കവർന്നു, ഒപ്പം പ്രിയസുഹൃത്ത് ആഷ്‌ലിയെയും, നാടിനെ നടുക്കി അപകടം

Please complete the required fields.




പാമ്പാടി: നവംബർ 22-ന് കൃപയുടെ 25-ാം പിറന്നാൾ ദിനമാണ്. എന്നാൽ പിറന്നാൾ ആഘോഷങ്ങൾക്ക് കാത്തുനിൽക്കാതെ കൃപ മടങ്ങി. ഓസ്‌ട്രേലിയയിൽ എം.എ. സൈക്കോളജിയിൽ ഉപരിപഠനം പൂർത്തിയാക്കിയ കൃപ. എ.സി.സി.എ. പഠനം വിജയകരമായി പൂർത്തിയാക്കിയ ആഷ്ലി.

ഇരുവരും ഉറ്റ സുഹൃത്തുക്കൾ. മരണത്തിലും അവർ തനിച്ചായില്ല. അവധിക്കായി ഓസ്‌ട്രേലിയയിൽനിന്ന് വീട്ടുകാർക്കായി സർപ്രൈസായി സഹോദരനൊപ്പം നാട്ടിലെത്തിയ കൃപ, പ്രിയസുഹൃത്തായ ആഷ്ലിയെയും കൂട്ടി സ്കൂട്ടറിൽ യാത്ര ചെയ്യവെയാണ് ഇരുവരെയും മരണം കവർന്നത്.സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞുനിന്ന രണ്ട് യുവജീവിതങ്ങൾ ഒരു നിമിഷംകൊണ്ട് പൊലിഞ്ഞുപോയതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും നാടും.

കൃപയുടെ ഓസ്‌ട്രേലിയയിലുള്ള സഹോദരൻ നാട്ടിൽ പോരുവാൻ ടിക്കറ്റ് എടുത്തപ്പോൾ കൃപയും ഒപ്പം പോന്നതാണ്. രണ്ട് ദിവസമായി സുഹൃത്തുക്കൾ ഒരുമിച്ച് യാത്രയിൽ ആയിരുന്നു. കൃപ നാട്ടിലെത്തിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ.

കൂട്ടുകാരി ആഷ്ലിക്കൊപ്പം മറ്റൊരു കൂട്ടുകാരിയെ കാണാൻ പുറപ്പെട്ടതായിരുന്നു. എന്നാൽ വിധി മറ്റൊന്നായിരുന്നു. കൂട്ടുകാരികൾ ഒന്നിച്ചുള്ള യാത്ര അവസാനയാത്രയായി മാറിയത് ആർക്കും വിശ്വസിക്കാനായിട്ടില്ല.നാടിന്റെ മുഴുവൻ പ്രതീക്ഷകളുമായി പറന്നുയരാൻ തയ്യാറെടുത്ത രണ്ട് യുവജീവിതങ്ങളുടെ അവിചാരിത വിയോഗം ഒരു നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.
ബുധനാഴ്ച രാവിലെ 8.45-ഓടെ ദേശീയപാത 183-ൽ കോത്തല 13-ാം മൈലിന് സമീപം എടക്കരപടിയിലാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കോട്ടയത്തേക്ക് പോയ ബസിനടിയിലേക്ക് എതിർദിശയിലെത്തിയ സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

പാമ്പാടി ഭാഗത്തുനിന്ന്‌ സുഹൃത്തായ ആഷ്‌ലിയുടെ സ്‌കൂട്ടറിൽ കാനത്തുള്ള കൂട്ടുകാരിയെ കാണാൻ പോകുന്നതിനിടയിലാണ് അപകടം. റോഡിൽ സംസാരിച്ചുകൊണ്ടിരുന്ന കാൽനടയാത്രക്കാരെ ഇടിക്കാതിരിക്കാൻ മുൻപേപോയ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിന്നാലെ എത്തിയ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.നിയന്ത്രണംവിട്ട് മറിഞ്ഞ സ്കൂട്ടറും യാത്രക്കാരും കട്ടപ്പന തങ്കമണി റൂട്ടിലോടുകയായിരുന്ന ‘സി.എം.എസ്’ ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ മണർകാട് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

കൃപയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ ഏഴിന് വീട്ടിലെത്തിക്കും. അമ്മ: അനിത കുര്യൻ, മണർകാട് തൊട്ടിയിൽ കുടുംബാംഗം. സഹോദരൻ: കിരൺ ജേക്കബ് കുര്യൻ (ഓസ്‌ട്രേലിയ). സംസ്കാരം ഉച്ചയ്ക്ക് രണ്ടിന് കടവുംഭാഗം സെയ്ൻറ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

ആഷ്‌ലി ആൻ തോമസിന്റെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് വീട്ടിലെത്തിക്കും. അമ്മ: മേരി തോമസ്. സഹോദരൻ: ആൽവിൻ വി. തോമസ്. സംസ്കാരം വെള്ളിയാഴ്ച 10.30-ന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം മീനടം സെയ്ന്റ് ജോർജ് (ഉണക്കപ്ലാവ്) ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button