Ernakulam
പൊലീസിനെ വെട്ടിച്ച് കഴിഞ്ഞത് ഒന്നര മാസം…! 62 ലക്ഷത്തിന്റെ സ്വർണ തട്ടിപ്പ്; വ്യാജ ആധാർ കാർഡുമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

കളമശ്ശേരി: സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ജ്വല്ലറിയിൽ നിന്ന് 62 ലക്ഷത്തിന്റെ സ്വർണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. മലപ്പുറം ചെമ്പ്രശ്ശേരി തച്ചോടം വീട്ടിൽ ഷാഹിദ് സുലൈമാൻ (31) ആണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്. സ്വർണം കൈക്കലാക്കിയ ശേഷം ഒളിവിൽ പോയ പ്രതി ഒന്നര മാസമായി ബംഗളൂരു, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു.
കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എൽ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം മഞ്ചേരി പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. പ്രതിയിൽ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച ആഡംബര കാറും വ്യാജ ആധാർ കാർഡും പോലീസ് കണ്ടെടുത്തു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.





