കളമശേരിയിൽ യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം; അമ്മുവും കൂട്ടാളിയും പിടിയിൽ, ഇരുവരും പിടിയിലായത് വയനാട്ടിൽ നിന്ന്

കളമശേരി: സ്‌പായിൽ ജോലി വാഗ്‌ദാനംചെയ്‌ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ട് പ്രതികൾ കൂടെ പിടിയിൽ. രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു, ഇവരുടെ സുഹൃത്ത് മൂന്നാം പ്രതി തൃശൂർ സ്വദേശി സഞ്ജു എന്നിവരാണ് വയനാട്ടിൽ നിന്ന് പിടിയിലായത്.
യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ ആലപ്പുഴ കാർത്തികപ്പിള്ളി എസ് ആർ നിവാസിൽ ഇരിക്കാവ് ശ്രീരാജ് (30), തൃക്കാക്കര നോർത്ത് തേവക്കൽ കുതിരപ്പറമ്പിൽ വീട്ടിൽ ജിത്ത് മാർട്ടിൻ (27) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. അമ്മുവും യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതായി പൊലീസ് പറയുന്നു. സഞ്ജുവാണ് യുവതിയെ രക്ഷപെടാതെ തടഞ്ഞുവച്ചത്.സ്‌പായിൽ ജോലിക്കെന്ന പേരിൽ വെള്ളി രാവിലെയാണ് യുവതിയെ സംഘം ഇടപ്പള്ളിയിലെ ലോഡ്‌ജിൽ എത്തിച്ചത്. അഭിമുഖത്തിനുശേഷം പറഞ്ഞുവിട്ടു. പിന്നീട്, ജോലിക്കെടുത്തുവെന്നുപറഞ്ഞ് സംഘത്തിലുണ്ടായിരുന്ന വയനാട് സ്വദേശിനി ലോഡ്ജിലേക്ക് വൈകിട്ട് ക്ഷണിച്ചു.
അവർ അയച്ച ടാക്സിയിലാണ് യുവതി ലോഡ്ജിൽ എത്തിയത്. ബിയറും ലഹരിമരുന്നും നിർബന്ധിച്ച് നൽകി യുവതിയെ ബോധരഹിതയാക്കി. വെള്ളി രാത്രിയും ശനിയാഴ്‌ചയും ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി.
ശനി വൈകിട്ട് ബിയർ കുപ്പി പൊട്ടിച്ച് യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് സംഘത്തിന്റെ പിടിയിൽനിന്നും രക്ഷപെട്ടത്.
റാക്കറ്റിൽ കൂടുതൽ പേരുണ്ടെന്നും ഇവരെപ്പറ്റി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ഭർത്താവ് രംഗത്തെത്തി. തന്നെപ്പോലും യുവതി തിരിച്ചറിയുന്നില്ലെന്നും കടുത്ത മാനസിക- ശാരീരിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു.
‘‘ ഞാൻ കാണുമ്പോൾ അവളുടെ മുഖത്തിന്റെ രണ്ടുവശവും വീർത്തിരിക്കുകയായിരുന്നു. പൊട്ടലുകളുമുണ്ട്. കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും അവൾ പറഞ്ഞു.’’ കളമശേരിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഭർത്താവിന്റെ വാക്കുകളിലുണ്ട് അവർ നേരിട്ട കൊടുംക്രൂരത.
ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതിനെ തുടർന്നാണ് യുവതിക്ക് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞത്. വേറെയും ആളുകളുണ്ട്. അവർക്ക് എതിരെയും അന്വേഷണം വേണമെന്നും ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
‘‘ടാക്‌സി ഡ്രൈവറാണ് ഞാൻ. സംഭവ ദിവസമായ ഒക്‌ടോബർ രണ്ടിന് ഞാൻ യാത്രയിലായിരുന്നു. രാവിലെ 7.30 ഓടെ യാത്രയ്‌ക്കിടെ ഭാര്യ വിളിച്ച് ഒരഭിമുഖമുണ്ടെന്ന് അറിയിച്ചു. പൊയ്‌ക്കോളാൻ പറഞ്ഞു.
പത്തിനകം തിരിച്ചെത്തിയ ഭാര്യ ജോലി കിട്ടിയെന്നും ശന്പളം, സ്‌പാ സ്ഥിതിചെയ്യുന്ന സ്ഥലം ഉൾപ്പെടെ കാട്ടി സന്ദേശം അയച്ചു. രാത്രി 11 ഓടെ പുറത്തേക്കുപോകണമെന്ന് പറഞ്ഞു. ആത്മഹത്യപ്രവണതയുള്ളതിനാലും ദേഷ്യപ്പെടരുതെന്ന് ഡോക്ടറുടെ നിർദേശമുള്ളതിനാലും പോകേണ്ടെന്ന് മയത്തിൽ പറഞ്ഞു. പിറ്റേദിവസം രാവിലെ ഫോൺ വിളിച്ചിട്ടും കിട്ടിയില്ല.
അയൽക്കാരെ വിളിച്ചുനോക്കാൻ പറഞ്ഞു. വീട്ടുടമസ്ഥൻ വേറെ താക്കോൽ ഉപയോഗിച്ച് തുറന്നപ്പോൾ ആളില്ലായിരുന്നു. വൈകിട്ട് 6.30ന് ഭാര്യയെ ഫോണിൽ കിട്ടി. ഇടപ്പള്ളിയിലുണ്ടെന്നും കൂട്ടുകാരിയുടെ വീട്ടിൽ പോയതാണെന്നും തിരിച്ചുപോകുകയാണെന്നും പറഞ്ഞു.രാത്രി 10.45ന് ഞാൻ വീട്ടിലെത്തിയപ്പോൾ ഭാര്യ കട്ടിലിൽ മുഖംപൊത്തി കമിഴ്‌ന്ന് കിടക്കുകയായിരുന്നു. മുഖത്തിന്റെ ഇരുവശവും വീർത്തിരുന്നു. ചോദിച്ചപ്പോൾ ആദ്യം ഒന്നും പറഞ്ഞില്ല. പിന്നീടാണ് എല്ലാം പറഞ്ഞത്. ഫോണിലെ ചാറ്റും ഫോട്ടോകളുമെല്ലാം കാണിച്ചുതന്നു.ബിയർ കുപ്പി തല്ലിപ്പൊട്ടിച്ച് ആത്മഹത്യാഭീഷണി മുഴക്കിയാണ് അവിടെനിന്ന് രക്ഷപ്പെട്ടത്. ചാകുമെന്നും അപ്പോൾ നിങ്ങൾ അകത്തുപോകുമെന്നും പറഞ്ഞപ്പോഴാണ് പിടിച്ചുവച്ചിരുന്ന ഫോൺ തിരികെ നൽകിയത്. ഫോൺ മടക്കിനൽകിയപ്പോൾ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
വേറെയും ആളുകൾ അവിടെ വന്നിരുന്നതായും അവൾ പറഞ്ഞു. എന്നെപ്പോലും തിരിച്ചറിയാത്ത അവസ്ഥയിലാണിപ്പോൾ. ഞാൻ ആരാണെന്നാണ് ചോദിക്കുന്നത്’’–യുവതിയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.





