Kozhikode

പ്രവാസികൾക്ക് ആശ്വാസം; എംബസിയുമായി ബന്ധപ്പെടാൻ അതിവേഗ സംവിധാനം, ആധാർ നടപടികളും വേഗത്തിലാക്കും, തീരുമാനമായത് കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന നിയമസഭാ സമിതി യോഗത്തിൽ

Please complete the required fields.




കോഴിക്കോട്: ഇന്ത്യൻ എംബസികളുമായി വേഗത്തിൽ ബന്ധപ്പെടാനുള്ള സംവിധാനം സാധാരണക്കാർക്ക് ഒരുക്കാൻ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗത്തിൽ തീരുമാനമായി.
പ്രവാസികൾ അവധിക്കായി നാട്ടിലെത്തുന്ന ചെറിയ ഇടവേളകളിൽ ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ എം.എസ്. മാധവിക്കുട്ടി സമിതിയെ അറിയിച്ചു.

പ്രവാസി ക്ഷേമനിധി പെൻഷൻ മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പെൻഷൻ ലഭിക്കുന്നതിലെ കാലതാമസം, ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷകൾ സമയബദ്ധമായി തീർപ്പാക്കാത്തത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു.നോർക്ക സാന്ത്വനം പദ്ധതിവഴി നിലവിൽ നൽകിവരുന്ന 50,000 രൂപയുടെ ചികിത്സാസഹായം വർധിപ്പിക്കണമെന്നും ചികിത്സാസഹായവും മരണാനന്തര സഹായധനവും സമയബദ്ധമായി അനുവദിക്കണമെന്നും പ്രവാസി സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു.

പ്രവാസി ക്ഷേമനിധിയിൽ അംഗമാകുന്നതിനുള്ള പ്രായപരിധി 70 വയസ്സായി ഉയർത്തണമെന്നും നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായധനം നൽകണമെന്നും വിവിധ കാരണങ്ങളാൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ അവ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

സമിതിചെയർമാൻ പാറക്കൽ അബ്ദുള്ള എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ.എ.മാരായ കെ.എം. അഭിജിത്ത്, പഴകുളം മധു, മുഹമ്മദ് മുഹസിൻ, എം. വിൻസെന്റ്, സേവ്യർ ചിറ്റിലപ്പിള്ളി, നോർക്ക കമ്മിറ്റി ജോയിന്റ് സെക്രട്ടറി എം. ജയശ്രീ, എ.ഡി.എം. കെ. ഷെറീന, വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button