ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

ഡല്‍ഹി: വിമാനക്കമ്പനിയായ ഇന്‍ഡിഗോ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളിലെ ഇന്ധന ചാര്‍ജ് വര്‍ധിപ്പിച്ചു. ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക് ബാധകമാകും. വിമാന ഇന്ധന വിലയിലുണ്ടായ തുടര്‍ച്ചയായ വര്‍ധനയാണ് നിരക്ക് കൂട്ടാന്‍ കാരണമെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി.
ആഭ്യന്തര സര്‍വീസുകളില്‍ യാത്രാദൂരത്തിന് അനുസരിച്ചാണ് അധിക ഇന്ധന ചാര്‍ജ് ഈടാക്കുക. 500 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 375 രൂപയും 501 മുതല്‍ 1000 കിലോമീറ്റര്‍ വരെ 600 രൂപയുമാണ് പുതുക്കിയ ചാര്‍ജ്. 1001 മുതല്‍ 1500 കിലോമീറ്റര്‍ വരെ 900 രൂപയുമാണ് പുതിയ ചാര്‍ജ്. 1501 മുതല്‍ 2000 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 1150 രൂപയും 2000 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് 1300 രൂപയും ഇന്ധന ചാര്‍ജായി നല്‍കണം.
രാജ്യാന്തര സര്‍വീസുകളിലും ഇന്ധന ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്ക് റൂട്ടിനും ദൂരത്തിനും അനുസരിച്ച് 1000 രൂപ മുതല്‍ 10000 രൂപ വരെയാണ്. ഇതോടെ ഇന്‍ഡിഗോയുടെ പുതിയ ടിക്കറ്റുകള്‍ക്ക് യാത്രക്കാര്‍ നല്‍കേണ്ട മൊത്തം തുക ഉയരും.
കഴിഞ്ഞ ഏതാനും മാസങ്ങളായി വിമാന ഇന്ധന വിലയില്‍ വലിയ വർധനവുണ്ടെന്നും ഏറ്റവും പുതിയ വര്‍ധന 14 ശതമാനത്തിന് മുകളിലാണെന്നും ഇന്‍ഡിഗോ പറയുന്നു. കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഇന്ധന ചെലവ് എത്തിയത് വിമാനക്കമ്പനികളുടെ പ്രവര്‍ത്തത്തെ ബാധിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളും ഇന്ധനവിലയിലെ വര്‍ധനയ്ക്ക് കാരണമായതായി കമ്പനി ചൂണ്ടിക്കാട്ടി.





