Pathanamthitta

മുഖത്ത് ലായനി പുരട്ടി പത്തുവയസുകാരനെ ഒമ്നി കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ബഹളം വെച്ചതോടെ വഴിയിൽ ഉപേക്ഷിച്ചു

Please complete the required fields.




പത്തനംതിട്ട: അടൂർ പന്നിവിഴയിൽ പത്തുവയസുകാരനെ ഒമ്നി കാറിലെത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ സെപ്റ്റംബർ 30ന് വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

കാറിലെത്തിയ സംഘം തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാണ് കുട്ടി പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. കാറിലുണ്ടായിരുന്നവർ മുഖത്ത് എന്തോ ലായനി പുരട്ടാൻ ശ്രമിച്ചുവെന്നും കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുട്ടി ശക്തമായി ബഹളം വെച്ചതോടെ അക്രമികൾ കുട്ടിയെ വിജനമായ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

കുട്ടി പരിഭ്രാന്തനായി നിൽക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം വീട്ടുകാരെയും പോലീസിനെയും അറിയിച്ചത്. തുടർന്ന് പോലീസെത്തി കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയെടുക്കുകയായിരുന്നു. കാറിലുണ്ടായിരുന്നത് ആറോളം പേരാണെന്നാണ് കുട്ടി പറഞ്ഞിട്ടുള്ളത്. പ്രതികളെ കണ്ടെത്താനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുകൊണ്ട് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button