കുളിപ്പിക്കാനെന്ന വ്യാജേന ക്രൂരകൊലപാതകം, കുഞ്ഞുജീവനുകളെടുത്തത് തൊട്ടിയിലെ വെള്ളത്തിൽ തല മുക്കിപ്പിടിച്ച്; വേദിതയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ അമ്മ നിവേദിത പോലീസിന് മുന്നിൽ നിർണായക വിവരങ്ങൾ വെളിപ്പെടുത്തി. അഞ്ചു വയസ്സുകാരിയായ മൂത്ത മകളെയും തുടർന്ന് ഇളയ കുട്ടിയെയും താൻ തന്നെയാണ് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് നിവേദിത കുറ്റസമ്മത മൊഴി നൽകി.
അഞ്ചു വയസ്സുകാരിയായ മൂത്ത മകളെ കുളിപ്പിക്കാനെന്ന വ്യാജേന കുളിമുറിയിലേക്ക് കൊണ്ടുപോയ ശേഷമാണ് കൊലപാതകം നടത്തിയത്. പകുതി വെള്ളം നിറച്ച തൊട്ടിയിൽ കുട്ടിയുടെ തല മുക്കിപ്പിടിച്ചാണ് ജീവനെടുത്തതെന്ന് നിവേദിത മൊഴി നൽകി. മൂത്ത മകളുടെ മരണം ഉറപ്പാക്കിയ ശേഷമാണ് ഇളയ കുട്ടിയെയും സമാനമായ രീതിയിൽ കൊലപ്പെടുത്തിയത്.
തനിക്ക് മോഡലിങ്ങിനും സ്വതന്ത്ര ജീവിതത്തിനും കുഞ്ഞുങ്ങൾ തടസ്സമാകുമെന്ന് കരുതിയാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് അമ്മ നിവേദിത പോലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ, പ്രതിയുടെ ഈ മൊഴി പോലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇത്തരമൊരു കാരണം കൊണ്ട് മാത്രം രണ്ട് കുഞ്ഞുങ്ങളെ ആസൂത്രിതമായി കൊലപ്പെടുത്തുമോ എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് സംശയമുണ്ട്.
കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം കണ്ടെത്താനായി നിവേദിതയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇപ്പോഴും പൂർണ്ണമായി വ്യക്തമായിട്ടില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.





