India

കത്വ വെടിവെപ്പ്: പ്രതിയായ ഹെഡ് കോൺസ്റ്റബിൾ അഭിദേഷ് കുമാർ പിടിയിൽ; നാല് സി.ഐ.എസ്.എഫ് ജവാൻമാരുടെ പോസ്റ്റ്മോർട്ടം ഇന്ന്

Please complete the required fields.




ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സഹപ്രവർത്തകൻ നടത്തിയ വെടിവെപ്പിൽ അസിസ്റ്റന്റ് കമാൻഡന്റ് ഉൾപ്പെടെ നാല് സി.ഐ.എസ്.എഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ ഹെഡ് കോൺസ്റ്റബിൾ അഭിദേഷ് കുമാർ പിടിയിലായതായി ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ച നാല് സി.ഐ.എസ്.എഫ് ജവാൻമാരുടെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.

ചൊവ്വാഴ്ച വൈകിട്ട് 7.30ഓടെയാണ് ഹിമാചൽ പ്രദേശ് അതിർത്തിക്കു സമീപം ബസോഹ്‍ലിയിലെ മാഷ്ക ഗ്രാമത്തിലുള്ള സേവ-3 ജലവൈദ്യുത പദ്ധതി പ്രദേശത്ത് വെടിവെപ്പ് നടന്നത്. സഹപ്രവർത്തകരുമായുണ്ടായ തർക്കത്തെത്തുടർന്നാണ് ഹെഡ് കോൺസ്റ്റബിൾ അഭിദേഷ് കുമാർ സർവീസ് റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്തതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെയും സമീപത്തെ എൻ.എച്ച്.പി.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് ഇവർ മരിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അസിസ്റ്റന്റ് കമാൻഡന്റ് അങ്കിത് കുമാർ പാണ്ഡെ, സബ് ഇൻസ്പെക്ടർ ലക്ഷ്മൺ സിങ്, കോൺസ്റ്റബിൾമാരായ റഫീഖ് അഹമ്മദ്, സന്ദീപ് കുമാർ എന്നിവരാണ് മരിച്ചത്.

വെടിവെപ്പിന് പിന്നാലെ സഹപ്രവർത്തകർ പ്രതിയെ കീഴടക്കി കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ഉപയോഗിച്ച സർവീസ് റൈഫിളും പിടിച്ചെടുത്തിട്ടുണ്ട്. സി.ഐ.എസ്.എഫിലെയും പൊലീസിലെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
വെടിവെപ്പിന് പിന്നിലെ സാഹചര്യങ്ങൾ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തർക്കത്തിലേക്കും തുടർന്ന് വെടിവെപ്പിലേക്കും നയിച്ച സാഹചര്യം എന്തായിരുന്നുവെന്ന് പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

Back to top button