കൊടും ചൂടിൽ വലഞ്ഞ് കേരളം, ഇന്നലെ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ്; വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു, ഒരു മണിക്കൂറോളം പവർക്കട്ട്

തിരുവനന്തപുരം: കനത്ത ചൂടിൽ വലഞ്ഞ് കേരളം. ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ് ആണ്. നാളെ കൂടി സംസ്ഥാനത്ത് കനത്ത ചൂട് തുടരും.
സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.മറ്റന്നാൾ മുതൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചേക്കും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ഇന്നലെ മിക്കയിടത്തും ഒരു മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ചൂട് കൂടിയതിനാൽ വൈദ്യുതി ആവശ്യകത കൂടിയെന്നാണ് കെ എസ് ഇ ബിയുടെ വിശദീകരണം. കെ എസ് ഇ ബി കണക്കുകൂട്ടിയത് 800 മെഗാ വാട്ട് വരെ വർധനയാണ്. ആവശ്യത്തിനനുസരിച്ച് പീക്ക് സമയത്ത് പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നതാണ് പ്രതിസന്ധി വർദ്ധിപ്പിക്കുന്നത്.ഹ്രസ്വകാല കരാറുകൾ ആകാത്തതും തത്സമയ വിപണിയിൽ ഉയർന്ന വിലയും വെല്ലുവിളിയായി തുടരുകയാണ്. ഈ മാസത്തേയ്ക് ടെൻഡർ വിളിച്ചെങ്കിലും പീക്ക് സമയത്ത് ഒരു കമ്പനിയും വന്നിട്ടില്ല.
ഇന്നലത്തേതിന് സമാന സ്ഥിതിയെങ്കിൽ ഇന്നും നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് കെ എസ് ഇ ബി പറയുന്നത്. അതേസമയം കനത്ത ചൂടിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.





