കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച് ക്രൂരത, ആക്രമിച്ചത് തട്ടുകടക്കാരെന്ന് പരാതി

ആലപ്പുഴ: കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി. മാവേലി വേഷം കെട്ടിയ കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനോടാണ് ഈ ക്രൂരത.
തട്ടുകടക്കാരനാണ് മാവേലിയെ ആക്രമിച്ചത്. അവിട്ടം ദിനത്തിലാണ് സംഭവം നടന്നത്. മാവേലി വേഷം കെട്ടി ഓരോ സ്ഥാപനങ്ങളിൽ കയറുന്നതിനിടെ ചന്ദ്രബാബു പുള്ളിക്കണക്കിന് സമീപത്ത് ഒരു തട്ടുകടയിലും എത്തിയിരുന്നു.ഇവിടെ നിന്ന് ചായ കുടിച്ച ശേഷം ഹാപ്പി ഓണം പറയുന്നതിനിടെ കടക്കാരനുമായി വാക്ക് തർക്കമുണ്ടായതോടെയാണ് ആക്രമണം നടന്നത്. രണ്ടുദിവസം മുമ്പായിരുന്നു സംഭവം.
വാക്കു തർക്കത്തിനിടെ കടക്കാരൻ പലഹാരം വറത്തു കൊണ്ടിരുന്ന തിളച്ച എണ്ണ എടുത്ത് മുഖത്ത് ഒഴിച്ചു എന്നാണ് പരാതി. ആക്രമണത്തിൽ ചന്ദ്രബാബുവിന്റെ മുഖത്തും കൈയ്യിലും പൊള്ളലേറ്റു.ഓലക്കുട ഉണ്ടായിരുന്നതിനാൽ തലയിലൂടെ എണ്ണ വീണില്ലെന്നും മാവേലി വ്യക്തമാക്കി. പൊള്ളലേറ്റ ചന്ദ്രബാബു താലൂക്കാശുപത്രിയിൽ ചികിത്സ തേടി. . സംഭവത്തിൽ കായംകുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.





