ഓണഘോഷം ചോരക്കളമായി..! ഒരേ ഡ്രസ് കോഡിൽ എത്തിയത് സീനിയർസിന് പിടിച്ചില്ല, താമരശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് ക്രൂരമായ മർദ്ദനം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ പൊതുവിദ്യാലയത്തിൽ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ഓണാഘോഷത്തിനിടയിലുണ്ടായ സംഘർഷത്തിൽ അഞ്ച് ജൂനിയർ വിദ്യാർഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പ്ലസ് വൺ വിദ്യാർഥികളുടെ മുഖത്ത് കൈവള പോലുള്ള എന്തോ വസ്തു കൊണ്ടുണ്ടായ മുറിവുകളുണ്ട്.
സാധാരണയായി സ്കൂളിൽ പ്ലസ്ടു വിദ്യാർഥികൾ മാത്രമാണ് ഒരേ ഡ്രസ് കോഡിൽ ഓണാഘോഷത്തിനെത്താറുള്ളത്. എന്നാൽ ഇത്തവണ പതിവ് തെറ്റിച്ച് പ്ലസ് വൺ വിദ്യാർഥികളും ഒരേ നിറത്തിലും മാതൃകയിലുമുള്ള വേഷം ധരിച്ചെത്തുകയായിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു.
ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാൻ ഗ്രൂപ്പ് ഫോട്ടോ എടുക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമമെന്ന് അധികൃതർ പറയുന്നു. അധ്യാപകരും മറ്റും ഏറെ പരിശ്രമിച്ചാണ് വിദ്യാർഥികളെ പിന്തിരിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സ്കൂളിൽ സംഘർഷം ആരംഭിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥികളെ താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ചികിത്സ നൽകി.





