
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം ലഭിച്ച പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. വിചാരണക്കോടതി വിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ് എന്നാണ് വിവരം.
ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുധ്യങ്ങളും തിരുത്തലുകളുമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം പ്രസക്തമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അറുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യതയിൽ സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത് എന്നും റിപ്പോർട്ടുകളിൽ പറയുന്നു.
കഴിഞ്ഞ വർഷം നവംബറിലാണ് ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലാണ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും വിചാരണക്കോടതി ശിക്ഷ വിധിച്ചത്.
ഈ വിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാൾ ജാമ്യവ്യവസ്ഥ തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി കൊണ്ടാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു.
എൽഡിഎഫ് സർക്കാർ പ്രതിക്ക് ശിക്ഷ വാങ്ങി നൽകിയതാണെന്നും സർക്കാർ ഇടപെടൽ ഇല്ലാതെ പ്രോസിക്യൂഷൻ ലാഘവ ബുദ്ധിയോടെ കേസിനെ സമീപിക്കില്ലെന്നും ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും കെ കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.





