സ്വകാര്യ ബാങ്ക് ലോക്കർ മോഷണം; പ്രവാസിയുടെയുടെ 81.8 ലക്ഷത്തിന്റെ സ്വർണം കവർന്ന മുൻ ഡെപ്യൂട്ടി മാനേജർ പിടിയിൽ

മുംബൈ: മുംബൈയിലെ സ്വകാര്യ ബാങ്കിലെ ലോക്കറിൽ നിന്ന് 81.8 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം മോഷ്ടിച്ച കേസിൽ ബാങ്കിലെ മുൻ ഡെപ്യൂട്ടി ബ്രാഞ്ച് മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. രാംചന്ദ് സഹാനി (35) ആണ് പിടിയിലായത്.പ്രവാസിയായ പ്രദീപ് മൊതിറാം ഭാട്ടിയ (74) നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
52 വർഷത്തോളമായി ദുബൈയിൽ താമസിക്കുന്ന പ്രദീപ് വർഷങ്ങൾക്ക് ശേഷം മുംബൈയിൽ തിരിച്ചെത്തിയപ്പോഴാണ് തന്റെ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 610 ഗ്രാം സ്വർണം കാണാതായതായി ശ്രദ്ധിച്ചത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച സംഘം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം 9 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.
വിവിധ സ്വർണ വായ്പാ സ്ഥാപനങ്ങളുമായി രാംചന്ദ് വ്യാപകമായി ഇടപാടുകൾ നടത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി.പ്രതി സ്വർണ വായ്പാ സ്ഥാപനങ്ങളിൽ പണയംവെച്ച സ്വർണത്തിന്റെ ചിത്രങ്ങൾ പൊലീസ് പരിശോധിച്ചു. ഇത് പ്രദീപ് മൊതിറാം ഭാട്ടിയയുടെ സ്വർണമാണെന്ന് ഉറപ്പിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് പിന്നാലെ വെറും നാല് ദിവസത്തിനുള്ളിൽ 81.8 ലക്ഷം രൂപ വിലമതിക്കുന്ന മുഴുവൻ സ്വർണവും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.





