മഴ പെയ്തപ്പോൾ ചാക്കുകൾ നനയാതിരിക്കാൻ ടാർപ്പായ വലിച്ചിട്ടു; ചാലക്കുടിയിൽ റെയിൽവേ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ലോറി ഡ്രൈവർ മരിച്ചു

തൃശൂർ: ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനിൽ നിന്ന് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു. കാട്ടൂർ എറിയാപറമ്പിൽ സ്വദേശി സജികുമാർ (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്.
കാലിത്തീറ്റക്കായുള്ള തവിടിന്റെ ചാക്കുകൾ ഗുഡ്സ് ട്രെയിനിൽ നിന്ന് ഇറക്കി തൊഴിലാളികൾ ലോറിയിൽ കയറ്റുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് മഴ പെയ്തതോടെ ചാക്കുകൾ നനയാതിരിക്കാൻ ലോറിയുടെ മുകളിൽ കയറി ടാർപ്പായ ഇടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, ലോറിയുടെ മുകളിൽ നിന്ന് പായ പിന്നിലേക്ക് വലിക്കുന്നതിനിടെ സജികുമാറിന്റെ ഒരു കാൽ ഗുഡ്സ് ട്രെയിനിന്റെ മുകളിൽ വെച്ചു. അപ്പോൾ തെന്നി വൈദ്യുതി ലൈനിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. തുടർന്ന് ശരീരം മുഴുവൻ തീപിടിച്ച് താഴേക്ക് വീണു.
ഗുരുതരമായി പൊള്ളലേറ്റ സജികുമാറിനെ ഉടൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന് രാവിലെ മരണം സംഭവിച്ചു.സംഭവത്തിൽ റെയിൽവേ അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.





