പ്രിയദര്‍ശിനി ബസിൽ പുരുഷന്‍മാര്‍ക്ക് സീറോ ടിക്കറ്റ് നൽകി പണം വെട്ടിപ്പ്; കണ്ടക്ടര്‍ പിടിയില്‍

കൊച്ചി: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത അഞ്ച് പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകി തുക വെട്ടിച്ച കണ്ടക്ടറെ പരിശോധന നടത്തിയ ഇൻസ്പെക്ടർ പിടികൂടി. പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വിജയനെതിരെയാണ് നടപടി. സംഭവത്തിൽ നടപടിക്ക് ശുപാർശ ചെയ്ത അധികൃതർ വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകി.
വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് പുരുഷന്മാരുടെ ടിക്കറ്റ് ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചപ്പോഴാണ് തുടക്കം. ഇരുവരുടെയും കൈയിലുണ്ടായിരുന്നത് സീറോ ടിക്കറ്റായിരുന്നു. യാത്രക്കാർ ടിക്കറ്റ് ചാർജ് നൽകിയതായി വെളിപ്പെടുത്തി.
തുടർന്ന് ഇൻസ്പെക്ടർ ബസിനകത്ത് കയറി പരിശോധന നടത്തി. ഇതിനിടെയാണ് മറ്റ് മൂന്ന് പുരുഷയാത്രക്കാർക്ക് കൂടി കണ്ടക്ടർ സീറോ ടിക്കറ്റ് നൽകിയതായി കണ്ടെത്തിയത്. ഇവരും കണ്ടക്ടർക്ക് പണം നൽകിയതായി ഇൻസ്പെക്ടറോട് അറിയിച്ചു.ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തവരിൽ നിന്ന് തുക കൈപ്പറ്റി സർക്കാരിനെ പറ്റിക്കുകയായിരുന്നു കണ്ടക്ടറെന്നാണ് പരിശോധനയിൽ വ്യക്തമായത്.
സീറോ ടിക്കറ്റ് എന്നത് ജീവനക്കാർക്കും ആനുകൂല്യ അർഹതയുള്ളവർക്കും നൽകുന്നതാണ്. അതിനുപകരം പണം നൽകിയ സാധാരണ യാത്രക്കാർക്ക് ഇത്തരം ടിക്കറ്റുകൾ നൽകിയത് ചട്ടലംഘനമാണ്. സംഭവത്തിൽ കണ്ടക്ടർ വിജയനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി അധികൃതർ ശുപാർശ ചെയ്തിട്ടുണ്ട്.കൂടുതൽ അന്വേഷണത്തിനായി വിജിലൻസ് വിഭാഗത്തിനും റിപ്പോർട്ട് കൈമാറി. പൊതുജനങ്ങളുടെ പണം ചോരുന്നത് തടയുന്നതിന് പതിവ് പരിശോധനകൾ ശക്തമാക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.





