Ernakulam

റോഡിലിപ്പോൾ നിയമവാഴ്ചയില്ല’; സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഹൈകോടതിയുടെ രൂക്ഷവിമർശനം

Please complete the required fields.




കൊച്ചി: കൊച്ചി നഗരത്തിലടക്കം സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷവിമർശനം തുടർന്ന് ഹൈകോടതി. റോഡിലിപ്പോൾ നിയമവാഴ്ചയില്ലെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധികൃതർ ഇതൊന്നും കാണാതെ ഉറങ്ങുകയാണോ എന്നും ചോദിച്ചു.കൊച്ചി നഗരത്തിലും കണ്ണൂരിലും സ്വകാര്യ ബസുകൾ നടത്തിയ മരണപ്പാച്ചിലിന്റെയും അപകടത്തിന്റെയും വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ രൂക്ഷമായ വിമർശനം.

റോഡുകളുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. സ്വകാര്യ ബസുകൾക്ക് പൊലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ലെന്നും കോടതി പറഞ്ഞു.
എന്തും ചെയ്യാമെന്നാണ് അവരുടെ മനോഭാവം. സമയം പാലിക്കണം എന്ന ന്യായമാണ് എപ്പോഴും പറയുന്നത്. മുമ്പിൽ പോയ ബസിനെ ഇടതുവശത്തെ നടപ്പാതയിലേക്ക് കയറി അതിവേഗത്തിൽ മറ്റൊരു ബസ് ഓവർടേക്ക് ചെയ്യുന്ന ദൃശ്യം ചൂണ്ടിക്കാട്ടിയ ഹൈകോടതി ഇനി ഇവരെ വാഹനം ഓടിക്കാൻ അനുവദിക്കരുതെന്നും അഭിപ്രായപ്പെട്ടു.

കാൽനട യാത്രക്കാരൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മദയാനപോലെയാണ് പിന്നിലൂടെ ബസ് വരുന്നത്. ദൃശ്യങ്ങൾ കണ്ടാൽ ആരും ഞെട്ടും.മനഃപൂർവമായ പ്രവൃത്തിയാണ്. ബസുകൾ തമ്മിൽ യുദ്ധമാണ്. ട്രാഫിക് പൊലീസിന്റെ പരാജയമാണിത്. കഴിഞ്ഞതവണ കോടതി ശക്തമായി നിർദേശം നൽകിയതിനുശേഷമാണ് വീണ്ടും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളത്.

കണ്ണൂരിൽ സ്കൂൾ വിദ്യാർഥികളുടെ ദേഹത്തുകൂടെയാണ് വാഹനം ഓടിക്കാൻ ശ്രമിച്ചത്. അപകടമുണ്ടാക്കിയ ബസിന് പിന്നാലെ വന്ന ബസ് നിർത്തുന്നതും ജീവനക്കാർ സഹായത്തിന് ഓടിവരുന്നതും കണ്ടു. വളരെ നല്ലവരും ഇക്കൂട്ടത്തിലുണ്ടെന്നും എല്ലാവരെയും അല്ല കുറ്റപ്പെടുത്തുന്നതെന്നും കോടതി പറഞ്ഞു.
സ്വകാര്യ ബസുകൾ ഓവർടേക്ക് ചെയ്യരുതെന്നും ഇടതുവശത്ത് വേഗം കുറഞ്ഞ ലൈയിനിലൂടെ പോകണമെന്നും നിർദേശമുള്ളതാണ്. നടപടിയെടുത്താൽ ബസുകൾ പണിമുടക്കും എന്നാണ് പറയുന്നത്.ഇതൊന്നും അനുവദിക്കാനാവില്ല. 11, 12 ക്ലാസുകളിൽ ട്രാഫിക് നിയമങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

പള്ളിമുക്കിൽ മെഡിക്കൽ ട്രസ്റ്റിനുസമീപം സഹോദരൻ അയ്യപ്പൻ റോഡിൽനിന്നുവരുമ്പോൾ ഇടത്തേക്ക് തിരിയാനുള്ള ട്രാഫിക് ലൈറ്റ് മരങ്ങളുടെ ശിഖരങ്ങൾകൊണ്ടു മറഞ്ഞിരിക്കുകയാണ്. ശിഖരങ്ങൾ ഒതുക്കണമെന്നും കോടതി നിർദേശിച്ചു.

Related Articles

Back to top button