വാളയാറിൽ ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു; അപകടം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ

പാലക്കാട്: വാളയാറിലെ ചാവടിപ്പാറ പുതുപ്പതിയിൽ മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് തീവണ്ടിയിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടം ഉണ്ടായത്.
അപകടത്തെ തുടർന്ന് ആ റൂട്ടിലെ തീവണ്ടി ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കേരള-തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ഭാഗത്താണ് അപകടം സംഭവിച്ചത്.
തീവണ്ടിയുടെ എൻജിനടിയിലാണ് രണ്ട് ആനകളും കുടുങ്ങിക്കിടക്കുന്നത് എന്നാണ് സ്ഥലത്തെത്തിയവർ നൽകുന്ന വിവരം. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും എൻജിനടിയിൽ കുടുങ്ങിക്കിടക്കുന്ന ആനകളെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇത് ഗതാഗത പുനഃസ്ഥാപനം വൈകുന്നതിന് കാരണമായി.
സംഭവമറിഞ്ഞയുടൻ വാളയാർ പോലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. ആനകളുടെ മൃതദേഹം നീക്കം ചെയ്ത് തീവണ്ടി ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ ഇവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.പാലക്കാട് വാളയാർ മേഖല കാട്ടാനകളുടെ സാന്നിധ്യമുള്ള പ്രദേശമാണ്.ഇവിടെ വനത്തിനോട് ചേർന്നുകിടക്കുന്ന റെയിൽ പാതയിലൂടെയാണ് നിരവധി ദീർഘദൂര തീവണ്ടികൾ കടന്നുപോകുന്നത്. രാത്രി സമയങ്ങളിൽ ആനകൾ റെയിൽ പാത മുറിച്ചുകടക്കുന്നതാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണമായി വനംവകുപ്പ് നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അപകടത്തെ തുടർന്ന് ആനകളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വനംവകുപ്പിന്റെ നിർദേശപ്രകാരം സംസ്കരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. തീവണ്ടിയുടെ എൻജിനും ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.
വനമേഖലയിലൂടെയുള്ള റെയിൽ ഗതാഗതത്തിൽ ആനകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന ആവശ്യം പ്രദേശവാസികളും വനം സംരക്ഷണ പ്രവർത്തകരും ഉയർത്തുന്നുണ്ട്.





