മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭ ചർച്ച ചെയ്യും, സർക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: മെസിയെ കൊണ്ടുവരാൻ എന്ന പേരിൽ നടന്ന ഇടപാടുകളിലെ ക്രമക്കേടുകളെ കുറിച്ചുള്ള കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
മുൻ കായിക മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ വഴി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു എന്നതാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
സ്പോൺസർമാരായി റിപ്പോട്ടർ കമ്പനിയെ തിരഞ്ഞെടുത്തത് മുതൽ സ്റ്റേഡിയം കൈമാറ്റം വരെ ചട്ടങ്ങൾ പാലിക്കാതെയാണ് നടന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സർക്കാരിന് സാമ്പത്തിക നഷ്ടത്തിനൊപ്പം മറ്റ് ബാധ്യതകളും ഈ ഇടപാടുകൾ ഉണ്ടാക്കി എന്നാണ് വിലയിരുത്തൽ.കായികരംഗത്ത് കേരളത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കി. സ്വകാര്യ കരാർ തർക്കത്തിൽ സംസ്ഥാന സർക്കാരിനെയും കക്ഷിയാക്കി. ഇത് സംസ്ഥാനത്തെ നിയമവ്യവഹാരങ്ങളിലേക്ക് തള്ളിവിടുന്നതാണ്.
ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയാണ് തകർത്തത് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ക്ഷണിച്ചുവരുത്തുന്ന നടപടികൾ ഉണ്ടായി. സർക്കാർ സംവിധാനങ്ങൾ ചട്ടം മറികടന്ന് കൈമാറുകയും ദുരുപയോഗം ചെയ്യുകയും ചെയ്തു എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. “ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ല” എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
“എന്ത് അന്വേഷണം നടക്കുമെന്ന് അറിയില്ല. മന്ത്രിക്ക് സ്പെയിനിൽ പോകാൻ കരാർ ഒന്നും വേണ്ട. ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമെന്ന സംശയമുണ്ട്” എന്നും അദ്ദേഹം പറഞ്ഞു.”ചില കാര്യങ്ങൾ മാത്രമേ തനിക്കറിയൂ. ക്രമക്കേട് നടന്നിട്ടില്ല. ഔദ്യോഗികമായി തനിക്ക് കത്ത് കിട്ടിയിട്ടില്ല. അന്നത്തെ കായിക മന്ത്രി കാര്യങ്ങൾ വിശദീകരിക്കും” എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ മന്ത്രിസഭ ഇന്ന് വിശദമായി ചർച്ച ചെയ്ത ശേഷം തുടർനടപടികൾ തീരുമാനിക്കും.





