Thiruvananthapuram

‘വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചു; യഥാർത്ഥ കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ വെളിച്ചത്തുവരും, ക്രമക്കേടിൽ മുൻ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരും’

Please complete the required fields.




തിരുവനന്തപുരം: സ്റ്റേഡിയം നവീകരണത്തിലും അർജന്റീന താരം ലയണൽ മെസ്സി വരുമെന്ന് പ്രചരിപ്പിച്ചതിലും സർക്കാരിന്റെ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. യഥാർത്ഥ കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ വെളിച്ചത്തുവരുമെന്നും തെറ്റായ പ്രചാരണങ്ങളിൽ സർക്കാർ തളരില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രമക്കേട് നടത്തിയവർ അത് സമ്മതിക്കുമോ എന്ന് ചോദിച്ച മന്ത്രി, വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ച സമയത്ത് ആരായിരുന്നു മുഖ്യമന്ത്രിയെന്നും ഇതിന് അദ്ദേഹം മറുപടി പറയേണ്ടിവരുമെന്നും ഓർമ്മിപ്പിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ തെറ്റായ നടപടികൾ ഭരണകൂടം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൺവീനർ ലഹരി കേസിൽ ഉൾപ്പെട്ട സംഭവത്തിൽ കുറ്റം ചെയ്തവർ കൃത്യമായി ശിക്ഷിക്കപ്പെടുമെന്നും, കുറ്റം കണ്ടെത്തിയത് നിലവിലെ ഈ സർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളിലെ അട്ടഹാസം കൊണ്ട് സർക്കാരിനെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും, വെടിക്കെട്ടുകാരനെ ഉടുക്കു കൊട്ടി പേടിപ്പിക്കാൻ നോക്കുന്നത് പോലെയാണതെന്നും അദ്ദേഹം പരിഹസിച്ചു.

തോന്നിവാസങ്ങൾ കാണിച്ചാൽ വ്യാജ വാർത്തകൾ കർശനമായി നീക്കം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കെഎൻഎം അനുസ്മരണ ചടങ്ങിലെ പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെയും മന്ത്രി കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. വന്ദേമാതരത്തിന് പോലും കേന്ദ്ര സർക്കാർ പുതിയ നിബന്ധനകൾ വെച്ചപ്പോൾ കേരളം അതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

ചീഫ് സെക്രട്ടറി കേന്ദ്രസർക്കാരിന്റെ തീരുമാനമാണ് ഉത്തരവായി അറിയിച്ചതെന്നും, എന്നാൽ ചീഫ് സെക്രട്ടറി വെറുമൊരു ഐഎഎസ് ഓഫീസറും മുഖ്യമന്ത്രി വി. ഡി. സതീശനുമാണെന്ന് ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ വന്ദേമാതര പാരായണത്തിൽ പഴയ പ്രോട്ടോകോൾ തന്നെയായിരിക്കും തുടരുകയെന്നും, കേന്ദ്രത്തിന്റെ ഒരു അടിച്ചേൽപ്പിക്കലും ഇവിടെ നടപ്പിലാക്കാൻ കഴിയില്ലെന്നും മന്ത്രി കെ. മുരളീധരൻ മുന്നറിയിപ്പ് നൽകി.

Related Articles

Back to top button