Thiruvananthapuram

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് എത്രയുംവേഗം സഹായം നൽകണം; സർക്കാരിനോട് പിണറായി വിജയൻ

Please complete the required fields.




തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് സർക്കാർ എത്രയുംവേ​ഗം പരിഹാരം കാണണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കുടുംബങ്ങളെ നിരാലംബരാക്കുന്ന അവസ്ഥ ഉണ്ടാകരുത്.

ഇത്തരം കാര്യങ്ങളിൽ മുൻകാല മാതൃകകൾ സ്വീകരിക്കണം. വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ച് നൽകണം, കടബാധ്യതകൾ തീർപ്പാക്കണം, കുടുംബത്തിലുള്ള ഒരാൾക്ക് തൊഴിൽ നൽകണം. ഒഴുക്കിൽപ്പെട്ട് മരിച്ച രക്ഷാപ്രവർത്തകൻ രാജേഷിന്റെ ഭാര്യയ്ക്ക് തൊഴിൽ നൽകണം.കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണം. നാശനഷ്ടങ്ങൾ കണക്കാക്കി അതിനുള്ള നഷ്ടപരിഹാരം എത്രയുംവേ​ഗം നൽകണമെന്നും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കാലവർഷക്കെടുതിയിൽ സംസ്ഥാനത്തിന് 127 കോടിയിൽപരം രൂപയുടെ കാർഷിക നഷ്ടം ഉണ്ടായി എന്നാണ് പ്രാഥമിക കണക്ക്. 9332 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 45904 കൃഷിക്കാരെ ബാധിച്ചു. എല്ലാ ജില്ലകളിലും നാശനഷ്ടങ്ങളുണ്ടായി. റാന്നിയിലും ആറന്മുളയിലും വ്യാപകനാശനഷ്ടമുണ്ടായി.കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രളയനില അതിരൂക്ഷമായിരുന്നു. വയനാട് ജില്ല തന്നെ ഒറ്റപ്പെടുന്ന അവസ്ഥയായി.

കടലിൽ അപകടത്തിൽപെട്ടപ്പോൾ ആദ്യമണിക്കൂറുകൾ ഫലപ്രദമായ രക്ഷാപ്രവർത്തനം നടക്കേണ്ട സമയമായിരുന്നു. എന്നാൽ അതിൽ വലിയ കൃത്യവിലോപമുണ്ടായി. അപകടമുണ്ടായപ്പോൾ എന്തുകൊണ്ടാണ് വകുപ്പുകൾ ഉണർന്ന് പ്രവർത്തിക്കാൻ കഴിയാതിരുന്നത്? ഈ ദുരന്തഘട്ടത്തിൽ സർക്കാരിന്റെ സാന്നിധ്യം ഉണ്ടായോ? രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ ഉപയോ​ഗിക്കാൻ തയ്യാറായില്ല എന്ന പരാതി കുടുംബങ്ങൾക്കുണ്ട്.

കാലാവസ്ഥാ മുന്നറിയിപ്പിനനുസരിച്ച് മുൻകരുതൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനായില്ല. ദുരിതാശ്വാസക്യാമ്പുകളിൽ സൗകര്യം ഒരുക്കുന്നതിൽ വീഴ്ചയുണ്ടായത് ആശ്ചര്യകരമാണ്.മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ ജാ​ഗ്രതാ നിർദേശം നൽകിയിരുന്നില്ല എന്ന ആരോപണവും ​ഗൗരവമുള്ളതാണ്. ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണമായ സഹായം ഉണ്ടാകുമെന്നും പിണറായി പറഞ്ഞു.

Related Articles

Back to top button