Kozhikode

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം; പ്രസവത്തിനിടെ നവജാതശിശുവിന്റെ കൈ ഒടിഞ്ഞു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിന്റെ കൈ ഒടിഞ്ഞുവെന്നും തുടര്‍ചികിത്സയിലും വീഴ്ചയുണ്ടായെന്നുമാണ് കുടുംബത്തിന്റെ പരാതി. മേപ്പയ്യൂര്‍ സ്വദേശികളായ രാഹുല്‍-രാഖി ദമ്പതികളുടെ കുഞ്ഞിന്റെ കൈക്കാണ് പരിക്കേറ്റത്.

ഈ മാസം ആറാം തീയതിയായിരുന്നു രാഖിയുടെ പ്രസവം. പ്രസവത്തിന് ശേഷം കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുഞ്ഞിനെ എന്‍.ഐ.സി.യു യൂണിറ്റില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുടുംബത്തിന്റെ ആരോപണം അനുസരിച്ച്, കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടിരുന്നെങ്കിലും പിന്നീട് ആവശ്യമായ പരിശോധനകള്‍ നടന്നില്ല.

ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ പരിശോധിച്ച് ബാന്‍ഡേജ് ചുറ്റിയെന്നും രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും പരിശോധിക്കാന്‍ പറഞ്ഞെങ്കിലും നിശ്ചിത സമയത്ത് ഡോക്ടര്‍ എത്തിയില്ലെന്നും കുടുംബം പറയുന്നു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് സുപ്രണ്ടിന്റെ വിശദീകരണം.

സംഭവത്തെ തുടര്‍ന്ന് കുടുംബം ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രസവസമയത്തെ പരിചരണത്തിലും തുടര്‍ന്നുള്ള ചികിത്സയിലും ഗുരുതര വീഴ്ചയുണ്ടായെന്നാണ് കുടുംബത്തിന്റെ നിലപാട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നേരത്തെയും ഇത്തരത്തിലുള്ള ചികിത്സാപ്പിഴവ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില നിലവില്‍ സുസ്ഥിരമാണെന്നാണ് വിവരം. സംഭവത്തില്‍ ആരോഗ്യവകുപ്പ് ഇടപെട്ട് നടപടിയെടുക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button