Kozhikode

‘ഒരാഴ്ചയായി കത്തിയുമായി കാത്തിരിക്കുന്നു’; വടകര എംഡിഎംഎ കേസിലെ കീർത്തനയെ ആക്രമിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണെന്ന് പ്രതിയുടെ മൊഴി

Please complete the required fields.




കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ രണ്ടാം പ്രതിയായ മരുതോങ്കര സ്വദേശിനി കീർത്തനയെ ആക്രമിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണെന്ന് പങ്കാളിയായ ജെനീഷ് പൊലീസിന് മൊഴി നൽകി.

സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ കീർത്തന അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചതാണ് പ്രകോപനത്തിന് കാരണമായത്. കീർത്തന എംഡിഎംഎ കേസിൽ പ്രതിയായതും ആക്രമണത്തിന് മറ്റൊരു കാരണമാണെന്ന് വ്യക്തമാക്കിയ പ്രതി, കഴിഞ്ഞ ഒരാഴ്ചയായി കത്തിയുമായി കാത്തിരിക്കുകയായിരുന്നുവെന്നും മൊഴിയിൽ സമ്മതിച്ചു.

പെരുവണ്ണാമൂഴി സ്വദേശിയായ ജെനീഷ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇരുവരും മുൻപ് ലിവിങ് റിലേഷനിലായിരുന്നു. ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിൽവെച്ചാണ് കീർത്തനയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിടാൻ സ്റ്റേഷനിൽ എത്തിയതായിരുന്നു കീർത്തന.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് ഹൈക്കോടതി കീർത്തനയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ മുൻപ് ക്രിമിനൽ കേസുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം നൽകിയത്. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ കാവ്യക്ക് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു.

Related Articles

Back to top button