Kozhikode

കോഴിക്കോട്ടെ ഗർഭിണിയായ യുവതിയുടെ മരണത്തിൽ ദുരൂഹത; ഭർത്താവ് മുൻപും കൊല്ലാൻ ശ്രമിച്ചെന്ന് ബന്ധുക്കൾ

Please complete the required fields.




പയ്യോളി : ഏഴു മാസം ഗർഭിണിയായിരിക്കെ അബോധാവസ്ഥയിൽ ആശുപത്രിയിലായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പയ്യോളി സ്വദേശിനി താരയിൽ വിരുന്നുകണ്ടി ഷമീമ (28) ആണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മരിച്ചത്.

കൊയിലാണ്ടി അരിക്കുളത്തെ വാടക വീട്ടിൽ ഒന്നര മാസം മുൻപാണ് ഷമീമയെ അബോധാവസ്ഥയിൽ കണ്ടത്. ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ മാതാവ് അസ്മ നേരിട്ടെത്തി നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെന്റിലേറ്ററിൽ ഒന്നര മാസത്തോളം ചികിത്സ തുടർന്നു. വയറ്റിൽ കറുത്ത വസ്തു കണ്ടതായും വിഷം ഉള്ളിൽ ചെന്നതാകാമെന്നും ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. പിന്നീട് തലച്ചോറിനും ക്ഷതം സംഭവിച്ചതായി അറിയിച്ചു. ഷമീമയുടെ ഭർത്താവ് അരിക്കുളം സ്വദേശി നവാസ് നിരന്തരം ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏൽപിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു.

ഒരു വർഷം മുൻപ് ആദ്യ വിവാഹത്തിലെ മകളുടെ മുൻപിൽ വച്ച് ഓട്ടോ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും കുടുംബം പറയുന്നു. അന്ന് കൈക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. ഷമീമ ആശുപത്രിയിൽ കിടക്കുമ്പോൾ മൂന്നു ദിവസം മാത്രമാണ് നവാസ് എത്തിയത്. മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ഷമീമയുടെ ഫോൺ കൈവശം വച്ച സഹോദരൻ ഷാമിലിനെ നവാസും സുഹൃത്തുക്കളും ചേർന്ന് കൊയിലാണ്ടി കുറുവങ്ങാട് വച്ച് മർദിച്ചു.

ഇതിൽ ഷാമിലിന്റെ കൈക്ക് 4 തുന്നലുകൾ വേണ്ടിവന്നു. മരണശേഷം പരാതി നൽകിയ ബന്ധുവിനെതിരെ നവാസ് വധഭീഷണി മുഴക്കിയതായും ആരോപണമുണ്ട്. നവാസിന്റേതും ഷമീമയുടേതും പ്രണയവിവാഹമായിരുന്നു. മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം കൊയിലാണ്ടി പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button