Kozhikode

കോഴിക്കോട്ടെ യുവാവിനെ തട്ടിക്കൊണ്ടുപോയത് യുവാവുമായി ബന്ധമുള്ളവരെന്ന് പൊലീസ്

Please complete the required fields.




കോഴിക്കോട്: ബെംഗളൂരുവിൽ സുഹൃത്തിന്റെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറി യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങളെടുത്ത് എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുൻപപരിചയമുള്ളവരാണ് പ്രതികളെന്നും, സംഘത്തിലുണ്ടായിരുന്ന ഒരു യുവതിയുമായുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിൽ മൂന്ന് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24-ാം തീയതിയാണ് കോഴിക്കോട് സ്വദേശിയായ യുവാവ് ബെംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിലെത്തിയത്. ഇവിടെ വിശ്രമിക്കുന്നതിനിടയിൽ, യുവാവിന്റെ സുഹൃത്തായ ഒരു യുവതിയുടെ പേര് പറഞ്ഞെത്തിയ ആറംഗ സംഘം ഫ്ലാറ്റ് വളയുകയായിരുന്നു.

തുടർന്ന് ബലപ്രയോഗത്തിലൂടെ യുവാവിനെ കീഴ്പ്പെടുത്തി കാറിൽ കോഴിക്കോട്ടേക്ക് കടത്തുകയായിരുന്നുവെന്നാണ് പരാതി. കോഴിക്കോട് പയമ്പ്ര ചാലിത്താഴത്തെ ഒരു രഹസ്യ കേന്ദ്രത്തിലെത്തിച്ച പ്രതികൾ, യുവാവിന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി നഗ്നഫോട്ടോകൾ എടുത്തു. ഈ ദൃശ്യങ്ങൾ യുവാവിന്റെ അമ്മയുടെ മൊബൈൽ ഫോണിലേക്ക് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് മോചനദ്രവ്യമായി എട്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പ്രതികളുടെ കണ്ണുവെട്ടിച്ച് തന്ത്രപരമായി രക്ഷപെട്ട യുവാവ് നേരിട്ട് ചേവായൂർ ഇൻസ്പെക്ടർക്ക് മുന്നിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ പിടികൂടാനായുള്ള ഊർജിത അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ.

Related Articles

Back to top button