Thiruvananthapuram

ഹൈക്കോടതിയുടെ കടുത്ത വിമർശനം; കെ.എ.രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ചു

Please complete the required fields.




തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ ഒന്നാം പ്രതിയായ കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ചു. കേസിൽ പ്രതിയായിട്ടും സുപ്രധാന പദവിയിൽ തുടരുന്നതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് രാജി.

കശുവണ്ടി വികസന കോർപ്പറേഷന്റെ മുൻ മാനേജിങ് ഡയറക്ടറാണ് കെ.എ. രതീഷ്. ഹൈക്കോടതി വിമർശനം ഉയർന്നതിന് പിന്നാലെ മുഖ്യമന്ത്രി രതീഷിനോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് അദ്ദേഹം ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്തോടൊപ്പം കേരള സംസ്ഥാന ഗ്രാമീണ വനിതാ ഇലക്ട്രോണിക്സ് വ്യാവസായിക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് – റൂട്രോണിക്സ് മാനേജിങ് ഡയറക്ടർ, കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ പദവികളിലും കെ.എ. രതീഷ് തുടരുന്നുണ്ട്.

ഒരാൾ മൂന്ന് സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. ഹർജിക്കാരനായ കെ.എം. ഷാജഹാൻ, കെ.എ. രതീഷ് മൂന്ന് പദവികളിൽ തുടരുന്ന കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് പിന്നാലെ അഴിമതി കേസിലെ ഒന്നാം പ്രതിയായ ഒരാളെ നിർണായക പദവികളിൽ തുടരാൻ അനുവദിക്കുന്നതിനെ ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദ്യം ചെയ്തു.

2006 മുതൽ 2015 വരെ കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ അഴിമതി നടത്തി കോർപ്പറേഷന് ഭീമമായ നഷ്ടം വരുത്തിയെന്നതാണ് കേസ്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ രതീഷാണ് ഒന്നാം പ്രതി. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മൂന്നാം പ്രതിയാണ്.കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇറക്കുമതി നടപടികളിലെ ക്രമക്കേടുകളിലൂടെ സർക്കാർ ഖജനാവിന് വലിയ നഷ്ടമുണ്ടായെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

ഹൈക്കോടതിയുടെ നിർദേശത്തിന് പിന്നാലെ രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ചെങ്കിലും റൂട്രോണിക്സ് എംഡി, ക്ഷേമനിധി ബോർഡ് സിഇഒ സ്ഥാനങ്ങൾ ഒഴിഞ്ഞിട്ടില്ല. ഈ പദവികളിലും തുടരുന്നത് നിയമപരമായി പരിശോധിക്കുമെന്നാണ് സൂചന.

Related Articles

Back to top button