ബാത്റൂമിന് സമീപം രക്തക്കറ , പ്രസവിച്ച് കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ളഷ് അടിച്ച സംഭവം; കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: പ്രസവിച്ച ഉടൻ നവജാത ശിശുവിനെ ബാത്ത്റൂമിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് ഉപേക്ഷിച്ച സംഭവത്തിൽ അമ്മ തിരുവല്ലം സ്വദേശിനി ഗ്രീഷ്മയ്ക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇവരുടെ സുഹൃത്ത് അമന് നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. ഇന്നലെയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ക്ലോസറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. തിരുവല്ലം സ്വദേശിയായ ഇരുപതുകാരി അബോര്‍ഷനുളള ഗുളിക കഴിച്ച് ആശുപത്രിയിലെത്തുകയും അബോര്ഷന് നടത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. യുവതി അവിവാഹിതയാണ് എന്നാണ് വിവരം.
ആറുമാസം ഗര്‍ഭിണിയായിരുന്ന പെണ്‍കുട്ടി ബ്ലീഡിംഗുണ്ടായതിനെ തുടർന്ന് ശുചിമുറിയിലേക്ക് പോവുകയും അവിടെ വെച്ച് പ്രസവിച്ച് കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്യുകയും ചെയ്തു.ബാത്റൂമിന് സമീപം ചോര കണ്ട ജീവനക്കാര്‍ക്ക് സംശയം തോന്നുകയും ശുചിമുറിയ്ക്ക് സമീപം സംശയാസ്പദമായ നിലയില്‍ നിന്നിരുന്ന പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയുമായിരുന്നു.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചു. ഫയര്‍ഫോഴ്സ് സെപ്റ്റിക് ടാങ്ക് പൊളിച്ച് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്തിരുന്നു. യുവതിക്കൊപ്പം മൂന്ന് യുവാക്കള്‍ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഇവര്‍ സംഭവത്തിന് പിന്നാലെ സ്ഥലം വിട്ടതായാണ് വിവരം.





