Idukki

പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തി വൻ കവർച്ച; വീട്ടമ്മ കുളിക്കാൻ കയറിയ സമയം നോക്കി 10 പവനും ലക്ഷം രൂപയും കവർന്നു

Please complete the required fields.




ഇടുക്കി : പൂപ്പാറയിൽ വീട്ടമ്മ കുളിക്കാൻ കയറിയ തക്കം നോക്കി വീടിനുള്ളിൽ കടന്ന് വൻ കവർച്ച. 10 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയുമാണ് മോഷ്ടാവ് കവർന്നത്. പൂപ്പാറ തോമ്പ്രകുടി ജോഷിയുടെ വീട്ടിലാണ് പട്ടാപ്പകൽ നാടിനെ നടുക്കിയ മോഷണം നടന്നത്. കുളി കഴിഞ്ഞ് ഇറങ്ങി വന്ന വീട്ടമ്മയുടെ മുന്നിലൂടെ മുഖംമൂടി ധരിച്ച മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. ജോഷിയും കുടുംബാംഗങ്ങളും കൃഷിയിടത്തിലേക്ക് പോയ സമയത്തായിരുന്നു കവർച്ച. ഈ സമയം ജോഷിയുടെ ഭാര്യ സിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സിനി കുളിക്കാനായി കയറിയ ഏതാനും മിനിറ്റുകൾക്കുള്ളിൽ വീടിനുള്ളിൽ കടന്ന മോഷ്ടാവ് അലമാരകൾ തുറന്ന് തിരച്ചിൽ നടത്തുകയായിരുന്നു.

കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത ഒരു ലക്ഷം രൂപയും 10 പവനോളം വരുന്ന സ്വർണവുമാണ് നഷ്ടപ്പെട്ടത്. കുളി കഴിഞ്ഞ് പുറത്തിറങ്ങിയ സിനി വീടിനുള്ളിൽ അപരിചിതനെ കണ്ട് ബഹളം വെച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ചുവന്ന വസ്ത്രം ധരിച്ച്, മുഖം പൂർണ്ണമായും മൂടിയ നിലയിലായിരുന്നു മോഷ്ടാവെന്ന് സിനി പോലീസിന് മൊഴി നൽകി.

വീട്ടുകാരുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കി നടത്തിയ ആസൂത്രിത കവർച്ചയാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ശാന്തൻപാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Related Articles

Back to top button