Malappuram

കുറ്റിപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

Please complete the required fields.




മലപ്പുറം: കുറ്റിപ്പുറം- തൃശൂർ സംസ്ഥാന പാതയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മരിച്ചത് വയനാട് നരോത്ര സ്വദേശി സന്തോഷിന്റെ മകൻ സെൽബിൻ (24) ആണ്. ബൈക്കിൽ സെൽബിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പടിഞ്ഞാറത്തറ സ്വദേശി അമൽ (29) ന് ഗുരുതരമായി പരുക്കേറ്റു.

പുലർച്ചെ 12 മണിയോടെയാണ് അപകടം. എറണാകുളത്തേക്ക് പോവുകയായിരുന്ന ഇരുവരും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാർ ഉടൻ തന്നെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൽബിന്റെ ജീവൻ രക്ഷിക്കാനായില്ല.

ഗുരുതരമായി പരുക്കേറ്റ അമലിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സെൽബിന്റെ മൃതദേഹം നടപടിക്രമങ്ങൾക്കായി കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
വയനാട്ടിൽ നിന്ന് ജോലി സംബന്ധമായി എറണാകുളത്തേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പെട്ട കാർ ഡ്രൈവറെ കുറ്റിപ്പുറം പോലീസ് ചോദ്യം ചെയ്തു വരികയാണ്. പാതയിലെ അമിതവേഗതയും ദൃശ്യപരതക്കുറവും അപകടകാരണമായെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button