Ernakulam

കൊച്ചിയിൽ വൻ ലഹരി വേട്ട: 1000 കോടിയുടെ ‘ഫൈറ്റർ ഡ്രഗ്ഗുമായി’ രണ്ട് യുവാക്കൾ പിടിയിൽ

Please complete the required fields.




കൊച്ചി: അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ പ്രധാനികളെ കൊച്ചി ഇടപ്പള്ളിയിൽ നിന്ന് കസ്റ്റംസ് പിടികൂടി. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദൗസ് എന്നിവരാണ് പിടിയിലായത്. സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സിന്റെ പ്രത്യേക ദൗത്യമായ ‘ഓപ്പറേഷൻ വജ്ര’യിലൂടെയാണ് സംഘം വലയിലായത്.

കേസിൽ ഉൾപ്പെട്ട മറ്റൊരാളെ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നും പിടികൂടിയിരുന്നു. പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദില്ലിയിലെ ഗോഡൗണിൽ നിന്ന് 30 മെട്രിക് ടൺ ഭാരം വരുന്ന 12 കോടി ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ കസ്റ്റംസ് കണ്ടെടുത്തു.

പിടിച്ചെടുത്ത ‘ഫൈറ്റർ ഡ്രഗ്’ വിഭാഗത്തിൽപ്പെടുന്ന ഈ വേദനസംഹാരി ഗുളികകൾക്ക് അന്താരാഷ്ട്ര ബ്ലാക്ക് മാർക്കറ്റിൽ ഏകദേശം 1000 കോടി രൂപയോളം വിലവരും. നിയന്ത്രിത മരുന്നായ ട്രാമഡോൾ ലിബിയയിലേക്ക് കടത്താനാണ് പ്രതികൾ ഡൽഹിയിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി.

യുദ്ധമേഖലകളിലും ഭീകരസംഘടനകൾക്കിടയിലും വിശപ്പും ക്ഷീണവും അറിയാതിരിക്കാനും ക്രൂരകൃത്യങ്ങളിൽ ഏർപ്പെടുമ്പോൾ വേദന രഹിതമായി പ്രവർത്തിക്കാനും ഉപയോഗിക്കുന്നതിനാൽ ‘ഫൈറ്റർ ഡ്രഗ്’ എന്നാണ് ട്രാമഡോൾ അറിയപ്പെടുന്നത്. കടുത്ത വേദനയ്ക്കായി ഉപയോഗിക്കുന്ന ഈ ഡോക്ടർ കുറിപ്പടി മരുന്ന് ഇന്ത്യയിൽ കർശനമായി നിയന്ത്രിക്കപ്പെട്ടിട്ടുള്ളതാണ്.

ഇന്ത്യയിൽ നിന്ന് ഇത്തരം ലഹരിമരുന്നുകൾ ശേഖരിച്ച് ലിബിയ ഉൾപ്പെടെയുള്ള സംഘർഷഭരിതമായ പശ്ചിമേഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കടത്താനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ശൃംഖലയിലെ മറ്റ് അന്താരാഷ്ട്ര കണ്ണികളെക്കുറിച്ചും വിപുലമായ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button