
മാഹി: മാഹി പാലത്തിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാരുടെ ഇടപെടലും ഭാഗ്യവും കൊണ്ടാണ് വലിയൊരു ദുരന്തം വഴിമാറിയത്. നിയന്ത്രണം വിട്ട വാഹനം പുഴയിലേക്ക് മറിയാൻ സാധ്യതയുണ്ടായിരുന്നെങ്കിലും, റോഡരികിൽ മുറിച്ചിട്ടിരുന്ന മരക്കൊമ്പുകളിൽ തട്ടി വേഗത കുറഞ്ഞത് വൻ അപകടം ഒഴിവാക്കി.
കാറിലുണ്ടായിരുന്നവർ പരിക്കുകളേതുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വിവരമറിഞ്ഞ് മാഹി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പാലത്തിൽ വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അപകടത്തെ തുടർന്ന് കുറച്ചുസമയം മാഹി പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് പോലീസ് എത്തി ക്രെയിൻ ഉപയോഗിച്ച് കാർ നീക്കം ചെയ്തതോടെ ഗതാഗതം പുനഃസ്ഥാപിച്ചു.





