മിഠായി നൽകി തട്ടിക്കൊണ്ടുപോയി;ഗാസിയാബാദിൽ ഏഴുവയസ്സുകാരിയെ നിർമാണത്തിലിരിക്കുന്ന മാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഗാസിയാബാദ്: കാണാതായ ഏഴുവയസ്സുകാരിയെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ഗാസിയാബാദിലെ രാജ്നഗറിലാണ് സംഭവം.
അതിഥിത്തൊഴിലാളികളായ ബിഹാർ സ്വദേശികളായ ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ടത്. കുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ സംശയം.
കാണാതായ കുട്ടിയെ ശനിയാഴ്ച പുലർച്ചെയാണ് നിർമാണത്തിലിരിക്കുന്ന ഷോപ്പിങ് മാളിന്റെ ബേസ്മെന്റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടത്. കുട്ടിയും മാതാപിതാക്കളും മാളിനോട് ചേർന്നുള്ള താത്കാലിക ഷെഡ്ഡിലാണ് താമസം.ഇവിടെനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയവർ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിന് മുകളിൽനിന്ന് കുട്ടിയെ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് നിഗമനം.
ചിപ്സും മിഠായിയും ശീതളപാനീയവും നൽകിയാണ് ചിലർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. ശനിയാഴ്ച പുലർച്ചെ മാളിന്റെ ബേസ്മെന്റിൽ നഗ്നമായി ചോരയിൽകുളിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.തലയിലും മുഖത്തും മാരകമായി പരിക്കേറ്റിരുന്നു. കൈയും കാലും ഒടിഞ്ഞനിലയിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.അതേസമയം, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സംശയമുള്ള ചിലരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അസിസ്റ്റന്റ് കമ്മീഷണർ പ്രിയശ്രീ പാൽ മാധ്യമങ്ങളോട് പറഞ്ഞു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുന്നുണ്ട്.
ചിലർ കസ്റ്റഡിയിലുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. ഇതിനുശേഷം മാത്രമേ ബലാത്സംഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥിരീകരിക്കാനാകൂവെന്നും എസിപി വ്യക്തമാക്കി.





