Kannur

സിപിഐഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടുക’; നഗരത്തിൽ വീണ്ടും ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു

Please complete the required fields.




കണ്ണൂര്‍: പയ്യന്നൂര്‍ സിപിഐഎമ്മിലെ വിഭാഗീയത തെരുവിലേക്കും. വിഭാഗീയത വ്യക്തമാക്കി നഗരത്തില്‍ വീണ്ടും വ്യാപകമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. സിപിഐഎം പയ്യന്നൂര്‍ ഏരിയാ നേതൃത്വത്തിനെതിരെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഏരിയാ കമ്മിറ്റി പിരിച്ചുവിടണം എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡിലെ ആവശ്യം. നിങ്ങള്‍ തോല്‍പ്പിച്ചത് ഒരു വ്യക്തിയെയല്ല പ്രസ്ഥാനത്തെയാണെന്നും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ട്. ഏരിയാ സെക്രട്ടറി പി സന്തോഷ്, മുന്‍ എംഎല്‍എ സി കൃഷ്ണന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവര്‍ക്കെതിരെയാണ് ഗുരുതര ആരോപണം.
ജില്ലാ കമ്മിറ്റി ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പയ്യന്നൂരില്‍ പാര്‍ട്ടി ഉണ്ടാവില്ലെന്നും ഏരിയാ നേതാക്കള്‍ വിഭാഗീയതയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും ഫ്‌ളക്‌സിലുണ്ട്.

കഴിഞ്ഞ ദിവസം വി കുഞ്ഞികൃഷ്ണന് അഭിവാദ്യം രേഖപ്പെടുത്തി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഏരിയാ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. സേവ് സിപിഐഎം എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.

കഴിഞ്ഞ ദിവസം പി ജയരാജന് വേണ്ടിയും ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. കുഞ്ഞിമംഗലം തലായിമുക്കിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ‘ഞങ്ങളുണ്ട് കൂടെ അഭിവാദ്യങ്ങള്‍’ എന്ന് എഴുതിയ ഫ്‌ളക്‌സാണ് വെച്ചത്. പി ജയരാജന്റെ ചിത്രം സഹിതമാണ് ഫ്‌ളക്‌സ്.നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് സിപിഐഎം നേതൃത്വം നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം തളളിക്കളഞ്ഞാണ് പുതിയ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്. നേരത്തെയും നിരവധി തവണ പി ജയരാജനായി കണ്ണൂരില്‍ ഫ്‌ളക്‌സുകള്‍ ഉയര്‍ന്നിരുന്നു.

Related Articles

Back to top button