‘പാര്‍ലമെന്റില്‍ താന്‍ ഉണ്ടാകണമെന്ന് ജനം ആഗ്രഹിക്കുന്നു’; മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് വാദ്ര

ന്യൂഡൽഹി: അമേഠിയിൽ മത്സരിക്കാനുള്ള ആഗ്രഹം പരോക്ഷമായി പ്രകടിപ്പിച്ച് വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബർട്ട് വാദ്ര. തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയെ നേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
1999 ലെ തിരഞ്ഞെടുപ്പ് മുതൽ അമേഠിയുമായി ആത്മബന്ധമുണ്ട്. തനിക്കെതിരായി സ്മൃതി തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് നേരിട്ടത്. ആരോപണങ്ങൾ വസ്തുതപരമായി തെളിയിക്കണമെന്നും വാദ്ര പറഞ്ഞു.
ഗാന്ധി കുടുംബത്തിന്റെ ഭാഗമായതിനാൽ കേന്ദ്രം ഏറെ ബുദ്ധിമുട്ടിച്ചു. ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ താൻ പാർലമെന്റിൽ ഉണ്ടാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഗാന്ധി കുടുംബാംഗമായ തന്നെ ബിസിനസുകാരനായിട്ടല്ല രാഷ്ട്രീയക്കാരനായിട്ടാണ് ജനങ്ങൾ കാണുന്നതെന്നും വാദ്ര പറഞ്ഞു. ബിജെപിയുടെത് മത രാഷ്ട്രീയമാണെന്നും ഭിന്നിപ്പിന്റെ ആശയം നടപ്പാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ജനങ്ങൾ വിളിക്കുന്നുണ്ട്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. ആർക്കും തന്നെ സമീപിക്കാവുന്നതാണ്. എന്നിലെ നല്ലത് തിരിച്ചറിഞ്ഞ് ഞാൻ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളോട് ബഹുമാനമുണ്ട്. കുടുംബവും പാർട്ടിയും പറഞ്ഞാൽ മത്സരിക്കുമെന്നും അനുമതിയില്ലാതെ ഒന്നും ചെയ്യുകയില്ലെന്നും വാദ്ര വ്യക്തമാക്കി.





