Ernakulam

മോഡലിങ്ങിൻ്റെ മറവിൽ സെക്സ്റാക്കറ്റ്; മുഖ്യസൂത്രധാരി സിന്ധുവിൻ്റേതെന്ന് കരുതുന്ന ഡീലിങ്സ് വാട്‌സാപ്പ് സ്‌ക്രീൻ ഷോട്ട് പുറത്ത്

Please complete the required fields.




കൊച്ചി: മോഡലിങ്ങിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് നടന്ന രാജ്യാന്തര സെക്‌സ് റാക്കറ്റ്, മനുഷ്യക്കടത്ത് കേസുകളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുഖ്യപ്രതിയായ സിന്ധു ഇടപാടുകാർക്ക് പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ചുകൊടുത്ത് പണം ഉറപ്പിക്കുന്ന വാട്‌സാപ്പ് സ്‌ക്രീൻഷോട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ വച്ച് പിടിയിലായ സിന്ധുവിനെ പോലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിന്ധു കസ്റ്റഡിയിലായത്.ദുബായിൽ ഫാഷൻ ഷോ, മോഡലിങ് പരിശീലനം, ഉയർന്ന ശമ്പളമുള്ള ജോലി, ആഡംബര താമസം എന്നിവ വാഗ്ദാനം ചെയ്താണ് സിന്ധു മലയാളി പെൺകുട്ടികളെ വലയിലാക്കിയത്.

യുവതികളെ ദുബായിൽ എത്തിക്കുന്നതിനുള്ള വിസയും മറ്റ് യാത്രാ സൗകര്യങ്ങളും ഒരുക്കിയത് സിന്ധുവാണ്. എന്നാൽ അവിടെയെത്തിച്ച ശേഷം പെൺകുട്ടികളെ വിദേശ സെക്‌സ് റാക്കറ്റിന് കൈമാറി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു.കേസിൽ ഇതുവരെ സിന്ധു ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്. ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് അറസ്റ്റിലായവർ.

“ഒരു ഷോയ്ക്ക് 50,000 രൂപ വാഗ്ദാനം ചെയ്താണ് സിന്ധു എന്നെ ദുബായിൽ എത്തിച്ചത്. അവിടെയെത്തിയപ്പോൾ മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ദിവസങ്ങളോളം പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. കുഞ്ഞിനെ കൊല്ലുമെന്നും ലഹരിക്കേസിൽ കുടുക്കുമെന്നും മഹറൂഫ് എന്നയാൾ ഭീഷണിപ്പെടുത്തി. നിരവധി മലയാളി പെൺകുട്ടികൾ ഇപ്പോഴും ദുബായിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.”

നടന്നത് അതീവ ഗുരുതരമായ സംഘടിത കുറ്റകൃത്യമാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാർ വ്യക്തമാക്കി. കേസിൽ സിനിമാ-മോഡലിങ് രംഗത്തുള്ള പ്രമുഖർക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കും. പ്രതികളുടെ ഗുണ്ടാ ബന്ധങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ, ഇരകളെ ഉപയോഗിച്ച് സ്വർണ്ണക്കടത്ത് നടത്തിയതായി നിലവിൽ വിവരമില്ലെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

Related Articles

Back to top button