
ഇടുക്കി: സംസ്ഥാനത്ത് എല്‍ഡിഎഫ് നേരിട്ടത് ശക്തമായ തിരിച്ചടിയാണെന്ന് എം എം മണി. ഉടുമ്പന്‍ചോലയിലേത് അടക്കം തോല്‍വിയുടെ കാരണം പരിശോധിച്ച് കണ്ടെത്തുമെന്നും തിരുത്തല്‍ നടത്തി തിരിച്ചുവരുമെന്നും എം എം മണി മാധ്യമങ്ങളോട് പറഞ്ഞു.
‘ഞങ്ങള്‍ തോറ്റുവെന്നത് ശരിതന്നെ. വോട്ടുകുറഞ്ഞുപോയി. ശക്തമായ തിരിച്ചടിയാണ്. ഉടുമ്പന്‍ചോലയിലേത് അടക്കം തോല്‍വിയുടെ കാരണം പരിശോധിച്ച് കണ്ടെത്തും. തിരുത്തല്‍ നടത്തി തിരിച്ചുവരും. തെരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല. ഞങ്ങളുടെ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ് തെരഞ്ഞെടുപ്പ്. ഭരണവിരുദ്ധ വികാരമാണോയെന്ന് വിലയിരുത്തിയിട്ടില്ല.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയില്ല. രാഷ്ട്രീയ കാര്യങ്ങളുണ്ട്. സംസ്ഥാനതലത്തിലുണ്ടായ തിരിച്ചടിയാണ് ഉടുമ്പന്‍ച്ചോലയിലും ഉണ്ടായത്’, എം എം മണി പറഞ്ഞു. ജനം മാറ്റി ചിന്തിക്കാന്‍ എന്താവും കാരണം എന്ന ചോദ്യത്തോട് ‘ജനം തെറ്റിദ്ധരിച്ചു. അല്ലെങ്കില്‍ ജനങ്ങള്‍ ചിന്തിക്കുന്നതില്‍ എന്തെങ്കിലും അടിസ്ഥാനം ഉണ്ടോയെന്ന് ഞങ്ങള്‍ പരിശോധിക്കണം.
കേരളസംസ്ഥാനത്ത് ജനങ്ങളെ ശ്രദ്ധിക്കാന്‍ ഞങ്ങളല്ലാതെ പിന്നെയാരാ…ഉമ്മന്‍ചാണ്ടിയാണോ. അയാളുടെ മകനാണോ. തെരഞ്ഞടുപ്പില്‍ തോറ്റതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളെ വിലയിരുത്തേണ്ടതില്ല. പുല്ലുപോലെ കണക്കാക്കി മുണ്ടും മടക്കിക്കുത്തി പ്രവര്‍ത്തനം നടത്തും. എല്ലാം നേരിടും’, എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം.
യുഡിഎഫിലെ മുഖ്യമന്ത്രി ചര്‍ച്ചയെ എം എം മണി പരിഹസിച്ചു. ‘യുഡിഎഫിന് വോട്ടുചെയ്തവര്‍ വീഡ്ഢികളാണ്. വോട്ട് പെട്ടിക്കകത്ത് ആകുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങിയ പാര്‍ട്ടിയെക്കുറിച്ച് എന്നാ പറയാനാ. അവന്‍മാര്‍ എന്നാ ഉണ്ടാക്കാനാ. നാറാന്‍ പോകുവാ നാട് മുഴുവന്‍’ എന്നും എം എം മണി പറഞ്ഞു.





