കനത്ത മഴ: പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയർന്നു; ചാലക്കുടി പുഴയോരത്ത് അതീവ ജാഗ്രതാ നിർദ്ദേശം

തൃശൂർ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ജില്ലാ ഭരണകൂടം. ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലായ 419.40 മീറ്ററായി ഉയർന്നതിനെ തുടർന്നാണ് ജലനിരപ്പ് സുരക്ഷിതമായി ക്രമീകരിക്കുന്നതിനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകൾ തുറന്നിട്ടുള്ളത്.
ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന അധികജലം ചാലക്കുടി പുഴയിലേക്ക് എത്തിച്ചേരുന്നതിനാൽ പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പുഴയുടെ തീരപ്രദേശങ്ങളിൽ താമസിപ്പിക്കുന്ന ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും തൃശൂർ ജില്ലാ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളം കയറിയ വീടുകൾക്കും സംസ്കാര കർമ്മങ്ങൾക്കും പ്രത്യേക സഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരിതബാധിതർക്കുള്ള പ്രധാന സഹായങ്ങളുടെ ഭാഗമായി, വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും 10,000 രൂപ ധനസഹായം നൽകും. സംസ്കാര കർമ്മങ്ങൾ നടത്തുന്നതിനായി കുടുംബങ്ങൾക്ക് 10,000 രൂപ വീതവും അനുവദിക്കും. കൂടാതെ 2024-ൽ തൃശൂരിൽ കാലവർഷക്കെടുതിയിൽ ബാക്കി നൽകാനുള്ള ധനസഹായവും സർക്കാർ അനുവദിച്ചിട്ടുണ്ട്.





