ഒന്നാം ക്ലാസ് പ്രവേശനം: ഇത്തവണയും അഞ്ചു വയസ്സ് മതി; കേന്ദ്ര മാനദണ്ഡം മാറ്റിവെച്ച് കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ഇത്തവണയും അഞ്ചു വയസ്സായി തന്നെ തുടരാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രായപരിധി ആറ് വയസ്സാക്കി ഉയർത്തണമെന്ന് കേന്ദ്ര നിർദ്ദേശമുണ്ടായിരുന്നെങ്കിലും, കേരളം ഈ അധ്യയന വർഷം കൂടി പഴയ രീതി തന്നെ പിന്തുടരും.
പ്രായപരിധി ഉയർത്തിയാൽ ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുമെന്നും ഇത് അധ്യാപകരുടെ ജോലിസ്ഥിരതയെ ബാധിക്കുമെന്നുമുള്ള ആശങ്ക കണക്കിലെടുത്താണ് സർക്കാർ നടപടി.കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 2025-ൽ മാത്രം ഏകദേശം 16,500 കുട്ടികളുടെ കുറവാണ് ഉണ്ടായത്.
ആറ് വയസ്സ് നിർബന്ധമാക്കിയിരുന്നെങ്കിൽ ഈ എണ്ണം ഇനിയും താഴേക്ക് പോകുമായിരുന്നു. പ്രായപരിധി അഞ്ചായി നിലനിർത്തിയതോടെ, ആറ് വയസ്സ് തികയാത്ത കുട്ടികളെ വീണ്ടും യു.കെ.ജിയിൽ ഇരുത്തേണ്ടി വരുമോ എന്ന് ആശങ്കപ്പെട്ടിരുന്ന രക്ഷിതാക്കൾക്കും വലിയ ആശ്വാസമായി.ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാത്തതിന് കേന്ദ്രത്തിൽ നിന്ന് സമ്മർദ്ദമുണ്ടെങ്കിലും കേരള വിദ്യാഭ്യാസ ചട്ടം മുൻനിർത്തിയാണ് പ്രായപരിധിയിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്. മേയ് രണ്ടു മുതൽ വിദ്യാലയങ്ങളിൽ പ്രവേശന നടപടികൾ ആരംഭിക്കും.
പ്രവേശനത്തിനായി കുട്ടികൾക്ക് പരീക്ഷകളോ മറ്റു ഫീസുകളോ ഈടാക്കരുതെന്ന് കർശന നിർദ്ദേശമുണ്ട്. മതിയായ രേഖകൾ അടിയന്തരമായി ഹാജരാക്കാൻ സാധിക്കാത്തവർക്ക് താൽക്കാലിക പ്രവേശനം അനുവദിക്കും.ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് യൂണിഫോമും പാഠപുസ്തകങ്ങളും സൗജന്യമായി വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.





