Kozhikode

ബക്കറ്റിന് പകരം അരിവാൾ ചുറ്റിക നക്ഷത്രം, വ്യാജ ഫോൺ സന്ദേശം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പി ടി എ റഹീം

Please complete the required fields.




കോഴിക്കോട്: വ്യാജ ഫോൺ സന്ദേശത്തിൽ കുന്ദമംഗലം എൽഡിഎഫ് സ്ഥാനാർത്ഥി പി ടി എ റഹീം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പി ടി എ റഹീമിൻ്റെ ചിഹ്നം തെറ്റായി കാണിച്ചാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. പരാജയ ഭീതി മൂലം ആണ് യുഡിഎഫ് ഇത്തരം പ്രചാരണം നടത്തുന്നതെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി.

എൽഡിഎഫ് സ്ഥാനാർത്ഥി പി ടി എ റഹീമിന് ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്നതാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. എന്നാൽ ബക്കറ്റ് ചിഹ്നത്തിലാണ് പി ടി എ റഹിം മത്സരിക്കുന്നത്. അതേസമയം നിലവിലെ എം എൽ എ യായ പിടി എ റഹീമിന് സ്വന്തം ഫോൺ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യവുമാണ്. ഫോൺ നമ്പർ സ്പാം നമ്പറായി കാണിക്കുന്നതായാണ് പരാതി.

മണ്ഡലത്തിലേക്ക് പണത്തിൻ്റെ ഒഴുക്കാണെന്നും ആരോപണമുണ്ട്. പണം കൊടുത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും എൽഡിഎഫിൻ്റെ ഘടകകക്ഷി നേതാക്കൾക്ക് വരെ പണം ഓഫർ ചെയ്ത് കാൾ വന്നുവെന്നും പരാതിയിൽ പറയുന്നു. പിടിഎ റഹീമിലൂടെ കഴിഞ്ഞ മൂന്ന് തവണയായി ഇടതുപക്ഷം വിജയിക്കുന്ന മണ്ഡലമാണ് കുന്ദമംഗലം. കഴിഞ്ഞ തവണ സീറ്റ് ലീഗിന് വിട്ടു നല്‍കിയിരുന്നെങ്കിലും കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയെ പൊതുസ്വതന്ത്രനായി നിർത്തിയുള്ള നീക്കവും പരാജയപ്പെടുകയായിരുന്നു.

കുന്ദമംഗലം, ഒളവണ്ണ, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കുന്ദമംഗലം നിയമസഭാമണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നൊഴികെ എല്ലാ പഞ്ചായത്തുകളും യുഡിഎഫിനൊപ്പം നിന്നു. സിപിഐഎം ശക്തികേന്ദ്രമായ ഒളവണ്ണ പഞ്ചായത്ത് മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ 23,302 വോട്ടിന്‍റെ ഭൂരിപക്ഷവും യുഡിഎഫ് നേടി. ഈ കണക്കുകള്‍ യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും കക്ഷി രാഷ്ട്രീയത്തിന് അപ്പുറം പിടിഎ റഹീം കൊണ്ടുവരുന്ന വോട്ടുകളിലാണ് ഇത്തവണയും എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം. 2021 ല്‍ ദിനേശ് പെരുമണ്ണയ്ക്കെതിരെ 10276 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു പിടിഎ റഹീമിന് ലഭിച്ചത്.

Related Articles

Back to top button