പള്ളി സെമിത്തേരിയിൽ ലഹരിവസ്തുക്കൾ ഉപയോഗിച്ച് റീൽസ് ചിത്രീകരണം, കേസിൽ നാലാം പ്രതിയും പിടിയിൽ

ആലപ്പുഴ: ആലപ്പുഴ പൂന്തോപ്പ് പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി ലഹരിമരുന്ന് ഉപയോഗിക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്ത കേസിൽ നാലാമത്തെ പ്രതിയും പിടിയിൽ. ആലപ്പുഴ വലിയമരം വാർഡിൽ അപ്പു മൻസിലിൽ നെഹർഷാദിനെയാണ് (20) നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.
നോർത്ത് എസ്.എച്ച്.ഒ അരുൺ എം.ജെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത നെഹർഷാദിനെ കോടതിയിൽ ഹാജരാക്കി. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പ്രതികൾ നിലവിൽ റിമാൻഡിലാണ്. പള്ളിയുടെ വിശുദ്ധി തകർക്കുന്ന രീതിയിൽ അതിക്രമിച്ചുകയറി ലഹരി ഉപയോഗിക്കുകയും അത് വീഡിയോയായി പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇവർക്കെതിരെ കേസെടുത്തത്.
പള്ളി അധികാരികളുടെ പരാതിയിൽ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ലഹരിമരുന്നുകൾ ഉപയോഗിച്ചശേഷം സമൂഹമാധ്യമങ്ങളിലൂടെ വീരപരിവേഷം നേടാനായി പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി യുവാക്കളുടെ സംഘം റീൽസ് ചെയ്യുകയായിരുന്നു. കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് സെമിത്തേരിയിലെ കുരിശിൽ തലകീഴായി കിടന്നായിരുന്നു റീൽസ് ചിത്രീകരണം. സംഭവത്തിൽ സഞ്ചയ് സത്യൻ (18), സച്ചിൻ സത്യൻ (18), അൻസിൽ (18) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.





