പോലീസിനെ ബോംബെറിഞ്ഞ് വീഴ്ത്താൻ നീക്കം; കണ്ണൂരിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ആക്രമണം, രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
കോളയാട് സ്വദേശിയും എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ കെ. രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി. ജിതിൻ എന്നിവരെയാണ് കണ്ണവം പൊലീസ് പിടികൂടിയത്. കണ്ണവം സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വീടിന് നേരെയായിരുന്നു ആക്രമണം നടന്നത്.
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സ്ഫോടകവസ്തു എറിഞ്ഞതെങ്കിലും അത് പൊട്ടിത്തെറിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി. ബോംബ് എറിഞ്ഞതാണോ അതോ വീടിന് മുന്നിൽ മനഃപൂർവ്വം കൊണ്ടുവെച്ചതാണോ എന്ന കാര്യത്തിൽ തുടക്കത്തിൽ സംശയമുണ്ടായിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ വലയിലാക്കിയത്.നിലവിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.





