Kozhikode

പുറങ്കടലിൽ മുങ്ങിയ മണ്ണുമാന്തിക്കപ്പലിനെ വീണ്ടെടുക്കാൻ മുംബൈ കമ്പനി

Please complete the required fields.




ബേപ്പൂർ : ബേപ്പൂരിനും വെള്ളയിലിനും ഇടയിൽ പുറങ്കടലിൽ ആറ്‌ നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ മണ്ണുമാന്തിക്കപ്പലായ ‘സി.എസ്‌.ഡി. ഷൺമുഖ-4’ വീണ്ടെടുക്കാനായി മുംബൈയിലെ ഹാൻസ്‌ അണ്ടർവാട്ടർ ആൻഡ്‌ സാൽവേജ്‌ കമ്പനിയുടെ സാങ്കതികസഹായം.

ചൊവ്വാഴ്ച രാവിലെ വീണ്ടെടുക്കൽ യത്നം ആരംഭിച്ചു. ഫെബ്രുവരി 27-നാണ്‌ ചേറ്റുവയിൽനിന്ന്‌ കാസർകോട്ടെ കസബ മീൻപിടിത്ത തുറമുഖത്തെ മണ്ണുമാന്താൻവേണ്ടി ‘സി.എസ്‌.ഡി. ഷൺമുഖ 4’ ബേപ്പൂർ പുറങ്കടലിലൂടെ ജീവനക്കാരുമായി പോവുമ്പോൾ മുങ്ങിയത്‌. കപ്പലിലും ഒപ്പമുണ്ടായിരുന്ന ബോട്ടിലും സഞ്ചരിച്ചിരുന്ന ഒൻപതുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു. ‘അനുഗ്രഹ’ എന്ന ബോട്ടാണ്‌ മണ്ണുമാന്തിക്കപ്പലിനെ കെട്ടിവലിച്ച്‌ കൊണ്ടുപോയത്‌.

മുങ്ങിപ്പോയ കപ്പലിനെ വീണ്ടെടുക്കാൻ കഴിഞ്ഞയാഴ്ച പുതിയാപ്പയിലെ ‘പൊന്നമ്പിളി’, ‘വിഷ്ണുമായ’ എന്നീ ബോട്ടുകളും ഒരു തോണിയും മംഗളൂരുവിൽനിന്നും കൊച്ചിയിൽനിന്നുമുള്ള മുങ്ങൽവിദഗ്‌ധരും ഖലാസികളും ചേർന്ന്‌ യന്ത്രസാമഗ്രികളോടെ ശ്രമം നടത്തിയെങ്കിലും വിഫലമായിരുന്നു. ഇതേത്തുടർന്ന്‌ പോർട്ട്‌ ഓഫീസർ ക്യാപ്‌റ്റൻ ഹരി അച്യുതവാരിയർ, മണ്ണുമാന്തിക്കപ്പൽ ഉടമ അരുൺകുമാർ, കേരള ഫിഷിങ്‌ ബോട്ട്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ വൈസ്‌ പ്രസിഡന്റ്‌ കരിച്ചാലി പ്രേമൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെത്തുടർന്നാണ്‌ മുംബൈയിൽനിന്നുള്ള കമ്പനി മണ്ണുമാന്തിക്കപ്പലിനെ വീണ്ടെടുക്കാൻ ധാരണയായത്‌.
10 ദിവസത്തിനകം കപ്പൽ കരയ്ക്കെത്തിക്കാമെന്ന്‌ കമ്പനി വാഗ്‌ദാനംചെയ്തതായി ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

കോസ്റ്റ്‌ഗാർഡ്‌, കോസ്റ്റൽ പോലീസ്‌, ഫിഷറീസ്‌ അധികൃതരുമായും കപ്പൽ വീണ്ടെടുക്കുന്നത്‌ സംബന്ധിച്ച്‌ ചർച്ചനടത്തിയിട്ടുണ്ട്‌.

Related Articles

Back to top button