
കോഴിക്കോട് : വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിക്ക് സമീപം വ്യവസായശാലയുടെ മാലിന്യപൈപ്പ് പൊട്ടി മലിനജലം ബീച്ചിൽ പരന്നൊഴുകി. സിഡ്‌കോ ഇൻട്രസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന റബർ ഉത്‌പന്നങ്ങൾ നിർമിക്കുന്ന നിലമ്പൂർ ട്രഡേഴ്‌സ് കമ്പനിയിലെ റബ്ബറും രാസവസ്തുക്കളും കലർന്ന മലിനജലമാണ് ഒഴുകിയെത്തിയത്. ചൊവ്വാഴ്ച രാവിലെ പൈപ്പ് പൊട്ടിയതോടെ വെസ്റ്റ്ഹിൽ ഉദയംഹോമിന് സമീപം മാലിന്യത്തോടുപോലെയായി. ദുർഗന്ധംവമിച്ചതിനെത്തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി കോർപ്പറേഷനെയും മാലിനീകരണ നിയന്ത്രണബോർഡിനെയും വിവരമറിയിച്ചു. വർഷങ്ങളായി മലിനജലം കടലിലേക്ക് ഒഴുക്കിവിടുന്നതും പൈപ്പ് പൊട്ടുന്നതും പതിവാണെന്ന് നാട്ടുകാരൻ സുനിൽ ചന്ദ്രൻ പറഞ്ഞു.
നാട്ടുകാരുടെ ഒപ്പുശേഖരിച്ച് കോർപ്പറേഷനിൽ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും ശാശ്വതനടപടിയുണ്ടായില്ലെന്ന് എസ്.എൻ. റെസിഡൻറ്‌സ് അസോസിയേഷൻ എക്‌സിക്യുട്ടീവ് അംഗ എം. അജിത്ത്കുമാർ പറഞ്ഞു. ഏറ്റവുമൊടുവിൽ 2024 ഡിസംബറിലാണ് പരാതി നൽകിയത്. മുൻപ് പൈപ്പ് പൊട്ടിയപ്പോൾ മലിനജലം ബക്കറ്റിലാക്കി കമ്പനിയുടെ മുന്നിൽ ഒഴുക്കി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.





