കട്ടിപ്പാറ പീഢനം, സ്കൂൾ ഹെഡ്മാസ്റ്റർക്ക് പരാതി ക്കൊപ്പം ഇരയുടെ മാതാവ് നൽകിയ രഹസ്യ ഓഡിയോ പുറത്തുവിട്ടതായി ആരോണം

താമരശ്ശേരി: കട്ടിപ്പാറ പീഢനത്തിന് ഇരയായ ഒരു കുട്ടിയുടെ മാതാവ് മാസങ്ങൾക്ക് മുമ്പ് പരാതി ക്കൊപ്പം സ്കൂൾ ഹെഡ്മാസ്റ്റർക്ക് നൽകിയ രഹസ്യ ഓഡിയോ ക്ലിപ്പ് സ്കൂൾ അധികൃതർ പുറത്തുവിട്ടതായാണ് ആരോപണം.റിക്കോർഡ് ചെയ്ത ഓഡിയോയുടെ പൂർണ രൂപം സ്കൂൾ എച്ച് എം മിന് അല്ലാതെ മറ്റാർക്കും നൽകിയിട്ടില്ലെന്ന് പരാതിക്കാരുടെ ബന്ധുക്കൾ പറഞ്ഞു.കുട്ടിയുടെ മാതാവിനെ സമൂഹത്തിൽ മോശമായി ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തതെന്നും ബന്ധുക്കൾ താമരശ്ശേരി ന്യൂസ്.കോം ലേഖകനോട് പറഞ്ഞു.
കായിക അധ്യാപകനായ വി.ടി മിനീഷ് തൻ്റെ മകളെ പ്രണയം നടിച്ച് വലയിലാക്കി പീഢിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട മാതാവ് മകളെ പിന്തിരിപ്പാക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല, ഇതേ തുടർന്ന് കുട്ടിയുടെ മാതാവ് അധ്യാപകനുമായി സൗഹൃദം നടിക്കുകയും, അധ്യാപകൻ്റെ സംഭാഷണം റെക്കോർഡ് ചെയ്ത് മകളെ കേൾപ്പിക്കുകയും, എല്ലാവരോടും അധ്യാപകൻ ഈ രൂപത്തിലാണ് പെരുമാറുന്നതെന്ന് മകളെ ബോധ്യപ്പെടുത്തുകയുമായിരുന്നു.സ്കൂളിലും, ഹോസ്റ്റലിലും നടക്കുന്ന കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കിയതിന് ശേഷം വിശദമായ പരാതിയായിരിന്നു സ്കൂൾ അധികൃതർക്ക് നൽകിയിരുന്നത്. എന്നാൽ യാതൊരു വിധ നടപടിയും അധ്യാപകനെതിരെ സ്വീകരിച്ചിരുന്നില്ല.
സ്കൂളിൽ നിന്നും പിരിഞ്ഞു പോയ പ്രധാന അധ്യാപകനെ സഹായിക്കുന്ന നിലപാടാണ് നിലവിലെ പ്രധാന അധ്യാപികയും സ്വീകരിക്കുന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്.കായിക താരങ്ങളായ വിദ്യാർത്ഥികളുടെ യോഗം വിളിച്ച് അഭിപ്രായം സ്വരൂപിച്ച് ജില്ലാ വിദ്യഭ്യാസ ഓഫീസറെ അറിയിക്കാൻ നിർദ്ദേശമുണ്ടായിരുന്നതായും എന്നാൽ കായിക താരങ്ങളെ വിളിക്കാതെ സ്കൂളിലെ ക്ലാസുകളിലുള്ള മറ്റു കുട്ടികളുടെ മാത്രം യോഗം ഓൺലൈൻ വഴി ചേർന്ന് ആർക്കും പരാതിയില്ലാ എന്ന രൂപത്തിൽ റിപ്പോർട്ട് നൽകിയതായി സംശയിക്കുന്നുണ്ടെന്ന് ചില കായിക താരങ്ങളുടെ രക്ഷിതാക്കൾ പറഞ്ഞു. ഓൺലൈൻ വഴി ചേർന്ന യോഗത്തിൽ കുട്ടികൾക്ക് എങ്ങിനെയാണ് രഹസ്യ സ്വഭാവമുള്ള പരാതികൾ ഉന്നയിക്കാൻ സാധിക്കുകയെന്നും അവർ ചോദിക്കുന്നു.കായിക അധ്യാപകനെ വഴിവിട്ട് സഹായിച്ച ഹെഡ്മാസ്റ്ററേയും, മറ്റ് അധികൃതരേയും രക്ഷപ്പെടുത്താനുള്ള നീക്കമാണ് സ്കൂൾ അധികൃതർ സ്വീകരിക്കുന്നതെന്നാണ് ആരോപണം.