Kasargod

അച്ഛാ അവൾ ഫോണെടുക്കുന്നില്ല, എന്തെങ്കിലും കടുംകൈ ചെയ്താൽ ഞാൻ ജീവിച്ചിരിക്കില്ല’; പ്രതിശ്രുത വധുവരന്മാരുടെ മരണത്തിൽ വിങ്ങലോടെ ബന്ധുക്കൾ

Please complete the required fields.




കാഞ്ഞങ്ങാട്: ‘അവർ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. എന്ത് സന്തോഷത്തോടെയാണ് അവൾ സംസാരിച്ചത്. പിന്നെന്ത് സംഭവിച്ചുവെന്ന് അറിയുന്നില്ല’-കഴിഞ്ഞദിവസം ഹുൻസൂരിൽ ആത്മഹത്യചെയ്ത കാഞ്ഞങ്ങാട് പൂച്ചക്കാട്ടെ അനുശ്രീയുടെ അച്ഛൻ ചന്ദ്രന് വാക്കുകൾ മുഴുമിക്കാനാകുന്നില്ല. ‘വിവാഹനിശ്ചയം കഴിഞ്ഞത് മുതൽ അമൽ വീട്ടിലേക്ക് വിളിക്കും. ഞങ്ങളെല്ലാവരോടും സംസാരിക്കും. സ്നേഹപൂർവമായ പെരുമാറ്റമായിരുന്നു അവന്റേത്. രണ്ടുപേർക്കുമിടയിൽ സൗന്ദര്യപ്പിണക്കമുണ്ടായെന്നുപോലും കരുതാനാകില്ല’ -അദ്ദേഹം പറഞ്ഞു.

ഈ വർഷം ഡിസംബർ 26-ന് വിവാഹം നടക്കേണ്ടിയിരുന്ന പ്രതിശ്രുത വധൂവരന്മാർ ഇരിട്ടി വിളമന അമ്പലത്തട്ടിലെ വി.അമലും പൂച്ചക്കാട് കിഴക്കേക്കര കാട്ടാമ്പള്ളിയിലെ പി.അനുശ്രീയുമാണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരായ ഇവരിൽ, അനുശ്രീ കർണാടക ഹുൻസൂരിലെ താമസസ്ഥലത്തും അമൽ എറണാകുളത്തെ ലോഡ്ജിലുമായിരുന്നു ജീവനൊടുക്കിയത്.

എല്ലാദിവസവും രാവിലെയും രാത്രിയും അനുശ്രീ വീട്ടിലേക്ക് വിളിക്കാറുണ്ട്. പതിവുപോലെ ചൊവ്വാഴ്ച രാത്രിയിലും വിളിച്ചിരുന്നു. സമയം പത്തരയെങ്കിലുമായിട്ടുണ്ടാകുമെന്ന് വീട്ടുകാർ പറയുന്നു. പിറ്റേന്ന് ബുധനാഴ്ച രാവിലെ ചന്ദ്രനെ വിളിച്ച് അനുശ്രീ ഫോണെടുക്കുന്നില്ലന്ന് അറിയിച്ചത് അമലായിരുന്നു. തുടർന്ന് അനുശ്രീയുടെ വീട്ടുകാർ ഹുൻസൂരിലെ അനുശ്രീ താമസിക്കുന്ന അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അവൾ എന്തെങ്കിലും കടുംകൈ ചെയ്താൽ ഞാൻ ജീവിച്ചിരിക്കില്ലെന്ന് അമൽ പറഞ്ഞിരുന്നതായി ചന്ദ്രൻ പറയുന്നു.

ഹുൻസൂരിൽനിന്നുള്ള വിവരം കിട്ടിയ ഉടൻ ചന്ദ്രൻ അമലിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. അപ്പോൾതന്നെ ചന്ദ്രൻ അമലിന്റെ വീട്ടുകാരെ വിളിച്ചറിയിച്ചു. തുടർന്നാണ് അമലിന്റെ വീട്ടുകാർ എറണാകുളത്തെ അവന്റെ സുഹൃത്തുക്കളെ വിവരമറിയിക്കുന്നതും അവർ ലോഡ്ജിലെത്തുന്നതും.

ചൊവ്വാഴ്ച രാത്രിവരെ അനുശ്രീ ബാങ്കിലുണ്ടായിരുന്നു. ഈ സമയത്ത് അമൽ വിളിച്ചതായാണ് വിവരം. അതിനുശേഷം ഇരുവരും സംസാരിച്ചിരുന്നുവോയെന്ന് രണ്ടുപേരുടെയും ഫോൺ പരിശോധിച്ചാൽ മാത്രമേ മനസ്സിലാകൂ. ഹുൻസൂർ പോലീസ് അനുശ്രീയുടെയും എറണാകുളം നോർത്ത് പോലീസ് അമലിന്റെയും ഫോൺ പരിശോധിക്കുന്നുണ്ട്. അമലിന്റെ മൃതദേഹം എറണാകുളം ജനറൽ ആസ്പത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ഇരിട്ടി വിളമന അമ്പലത്തട്ടിലെ വീട്ടിലെത്തിച്ച്‌ സംസ്കരിച്ചു. അനുശ്രീയുടെ മാതാപിതാക്കളും സഹോദരിയുമുൾപ്പെടെയുള്ളവർ അമലിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. അനുശ്രീയുടെ മൃതദേഹം കഴിഞ്ഞദിവസം പൂച്ചക്കാട്ടെത്തിച്ച് സംസ്കരിച്ചിരുന്നു.

Related Articles

Back to top button