കോഴിക്കോട് കക്കട്ടിലിൽ ആക്രി സാധനങ്ങളുമായി പോയ ലോറിയിൽ തീപിടിത്തം; എയർ ടാങ്ക് പൊട്ടി വാഹനം നിരങ്ങി നീങ്ങിയത് പരിഭ്രാന്തി പരത്തി, നാദാപുരം അഗ്നിരക്ഷാസേന തീ അണച്ചു

കക്കട്ടിൽ: കൈവേലിയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധനങ്ങളുമായി പോകുകയായിരുന്ന ലോറിയിൽ തീപിടിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ കക്കട്ടിൽ കെ-മാളിന് മുന്നിലായിരുന്നു സംഭവം.
ലോറി വൈദ്യുതി ലൈനിൽ തട്ടി സ്പാർക്ക് ഉണ്ടായതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ആക്രി സാധനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. പിന്നാലെ തീ ലോറിയിലേക്കും പടർന്നു. തീപിടിച്ച വാഹനം കയറ്റത്തിൽ നിർത്തിയതിനിടെ എയർ ടാങ്ക് പൊട്ടുകയും ലോറി നിരങ്ങി നീങ്ങുകയും ചെയ്തത് സമീപവാസികളിലും വ്യാപാരികളിലും പരിഭ്രാന്തി സൃഷ്ടിച്ചു.
വിവരമറിഞ്ഞ് നാദാപുരം അഗ്നിരക്ഷാസേന സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ലൈജു ഐസെക്കിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റുകളുമായി സ്ഥലത്തെത്തി. ഏകദേശം 30 മിനിറ്റ് നീണ്ട പ്രവർത്തനത്തിനൊടുവിൽ തീ പൂർണമായും അണച്ചു.
ലോറിയിൽ നിന്ന് റോഡിലേക്ക് വീണ് കത്തിയ ആക്രി സാധനങ്ങളിലെയും തീ അണച്ച ശേഷം അവ നീക്കം ചെയ്തു. ലോറിയിൽ നിന്ന് പൊട്ടിത്തെറിച്ച് വീണ വസ്തുവിൽനിന്ന് റോഡരികിലെ കടയുടെ ഭാഗത്ത് ഹരിതകർമ സേന ശേഖരിച്ച് വെച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനും തീപിടിച്ചിരുന്നു. ഇതും അഗ്നിരക്ഷാസേന പൂർണമായും അണച്ചു.സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാൻ അഗ്നിരക്ഷാസേന സമയോചിതമായി ഇടപെട്ടത് വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചു. കെ-മാളിലെ ഹൈഡ്രന്റ് പൈപ്പിൽനിന്ന് വെള്ളം ലഭിച്ചതും രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായകമായി. വൈദ്യുതി ലൈനിൽ സ്പാർക്ക് ഉണ്ടായ ഉടൻ ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ ആളപായവും ഒഴിവായി.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആദർശ് വി.കെ., സുദീപ് എസ്.ഡി., ശികിലേഷ് കെ.കെ., ലിനീഷ് മര്യാട്, രാകേഷ് പി.കെ., അഖിൽ എൻ.കെ., അഖിലേഷ്, ശ്രീരൂപ്, ഹോം ഗാർഡ് ഷിനു പി. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.





