
കരിപ്പൂർ: കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നലെ രാവിലെയുമായി കോഴിക്കോട് വിമാനത്താവളത്തിൽ 6 കേസുകളിലായി ഏകദേശം 2.15 കോടി രൂപയുടെ സ്വർണം പിടികൂടി. ഷാർജയിൽനിന്നെത്തിയ കണ്ണൂർ സ്വദേശി മുഹമ്മദ് അജാസിൽനിന്ന് 1.19 കിലോഗ്രാം, ജിദ്ദയിൽനിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് സഫ്വാനിൽനിന്ന് 958 ഗ്രാം, മലപ്പുറം സ്വദേശികളായ ഹുസൈനിൽനിന്ന് 1.08 കിലോഗ്രാം, ശിഹാബുദ്ദീനിൽനിന്ന് 890 ഗ്രാം വീതം സ്വർണമിശ്രിതം പിടികൂടി.
ഡിആർഐക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. നാലു പേരും ശരീരത്തിൽ ഒളിപ്പിച്ചാണു സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽനിന്നെത്തിയ കാസർകോട് സ്വദേശി യഹിയ ഫവാസ് വസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 164 ഗ്രാം സ്വർണവും കസ്റ്റംസ് പിടികൂടി. ഡപ്യൂട്ടി കമ്മിഷണർമാരായ ടി.എ.കിരൺ, ആനന്ദ്കുമാർ, സൂപ്രണ്ടുമാരായ ടി.എൻ.വിജയ, പ്രമോദ് കുമാർ സവിത, ഇൻസ്പെക്ടർമാരായ സന്ദീപ് നയിൻ, കെ.രാജീവ്, അരവിന്ദ് ഗുലിയ, ദിനേഷ് മിർദ, ടി.മിനിമോൾ, ഹവിൽദാർമാരായ കെ.ടി.സനിത് കുമാർ, രാഹുൽ ടി.രാജ് എന്നിവരാണു സ്വർണം പിടികൂടിയത്.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു ലഭിച്ച വിവരത്തെത്തുടർന്നു നടത്തിയ പരിശോധനയിൽ ദുബായിൽനിന്നെത്തിയ മലപ്പുറം സ്വദേശി ഷുഹൈബിൽനിന്ന് 40 ലക്ഷം രൂപയുടെ 871.6 ഗ്രാം സ്വർണമിശ്രിതം പിടികൂടി.അസി. കമ്മിഷണർ കെ.വി.രാജൻ, സൂപ്രണ്ട് എം.പ്രകാശ്, ഇൻസ്പെക്ടർമാരായ മുഹമ്മദ് ഫൈസൽ, എം.പ്രതീഷ്, ഹെഡ് ഹവിൽദാർ എം.സന്തോഷ് കുമാർ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.





